കെ.എസ്.ആര്.ടി.സിയെ കരകയറ്റാന്‍ ഉദ്യോഗസ്ഥരുടെ ശ്രമം
കാസര്‍കോട്: നഷ്ടത്തിലായ കെ.എസ്.ആര്.ടി.സിയെ കര കയറ്റാന്‍ നിലവിലുള്ള ചെയിന്‍ സര്‍വിസുകള്‍ പുനഃക്രമീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. കണ്ണൂര്‍-കാസര്‍കോട് ദേശീയ പാതയിലൂടെ നിലവിലെ സര്‍വിസ് പുതുക്കി പത്തു മിനുട്ടില്‍ ഒരു ബസ് എന്ന രീതിയില്‍ സര്‍വിസ് ആരംഭിക്കാനാണു പദ്ധതി. തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഈ ആഴ്ച തന്നെ സര്‍വിസ് തുടങ്ങാനാകുമെന്നു കണ്ണൂര്‍, കാസര്‍കോട് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ അറിയിച്ചു.
35 ബസുകളാണ് ഈ പാതയില്‍ ഷെഡ്യൂളിട്ടിരിക്കുന്നത്. 10 ബസുകള്‍ കാസര്‍കോട്ടു നിന്നും 12 ബസുകള്‍ കണ്ണൂരില്‍ നിന്നും ഒന്‍പതു ബസുകള്‍ പയ്യന്നൂരില്‍ നിന്നും നാലു ബസുകള്‍ കാഞ്ഞങ്ങാട്ടു നിന്നും സര്‍വിസ് തുടങ്ങും. നിലവിലെ ഷെഡ്യൂള്‍ പ്രകാരം കനത്ത നഷ്ടമാണു കോര്‍പറേഷനുണ്ടാകുന്നത്.
സ്പെയര്പാര്ട്ടുകള് ആവശ്യത്തിനു ലഭിക്കാത്തതുകാരണം പല ബസുകളും കട്ടപ്പുറത്താണ്. കണ്ണൂരില്‍ 110 ഉം കാസര്‍കോട്ട് 77 ഉം ബസുകളാണ് സര്‍വിസ് നടത്തുന്നത്. രാവിലെ അഞ്ചുമുതല്‍ രാത്രി 8.45 വരെയാണു കാസര്‍കോട്ട് ദേശീയ പാതയില്‍ സര്‍വിസ് നടക്കുന്നത്. കണ്ണൂരില്‍ നിന്നു കാസര്‍കോട്ടേക്ക് 11.45നും സര്‍വിസുണ്ട്. പുതിയ മാറ്റ പ്രകാരം കാസര്‍കോടുനിന്നു രാത്രി പത്തിനും ബസോടിക്കാന്‍ തീരുമാനമുണ്ട്. ഇതു കാസര്‍കോട്ടെ യാത്രക്കാര്‍ക്ക് ആശ്വാസം പകരും. പദ്ധതി കോര്പറേഷന് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."