അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് കൂച്ചുവിലങ്ങുമായി സഊദി സര്‍ക്കാര്‍
ജിദ്ദ: അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് കൂച്ചുവിലങ്ങുമായി സഊദി സര്‍ക്കാര്‍ രംഗത്ത്. മന്ത്രിമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. മന്ത്രിമാര്‍ക്ക് തടവ് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതിക്ക് സഊദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കയാണ്. കുറ്റക്കാരായ മന്ത്രിമാരെ മറ്റ് പൊതു സ്ഥാപനങ്ങളുടെ തലപ്പത്തു നിയമിക്കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിക്കെതിരേ നടപടി സ്വീകരിക്കുകയെന്നും നിയമത്തിന്റെ ആറാം അനുഛേദത്തില്‍ എടുത്തുപറയുന്നുണ്ട്.
അധികാര ദുര്‍വിനിയോഗം, കാര്യലാഭത്തിനായി സ്വാധീനം ചെലുത്തുക എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേയാണ് നടപടി വരിക. സഊദി ഭരണഘടന പ്രകാരമാണ് ശിക്ഷ. രാജ്യത്തിന് ധന നഷ്ടം ഉണ്ടാക്കുന്ന നടപടി സ്വീകരിക്കുക, വ്യക്തികള്‍ക്ക് നിയമപരമായി അര്‍ഹതപ്പെട്ട കാര്യങ്ങള്‍ക്ക് എതിരേ പ്രവര്‍ത്തിക്കുക, അവശ്യസാധനങ്ങളുടെയും റിയല്‍ എസ്‌റ്റേറ്റ് വിലവര്‍ധനയ്ക്കും കൂട്ടുനില്‍ക്കുക, കറന്‍സി, ബോണ്ട് എന്നിവയ്ക്ക് വൃക്തിപരമായോ മറ്റുള്ളവര്‍ക്കുവേണ്ടിയോ കൂട്ടുനില്‍ക്കല്‍ തുടങ്ങിയവയും കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും.
രണ്ട് മന്ത്രിമാരോ, തത്തുല്ലൃ പദവിയിലുള്ളവരൊ ആവും അന്വേഷണ കമ്മിറ്റിയില്‍. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് റാങ്കുള്ള മെമ്പറും കമ്മിറ്റിയിലുണ്ടാവും. മുപ്പത് ദിവസത്തിനകം കമ്മിറ്റി കുറ്റോരോപിതരായ മന്ത്രിമാരെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മന്ത്രിക്കെതിരേയുള്ള ആരോപണം തെളിയിക്കപ്പെട്ടാല്‍ തുടര്‍ നടപടിക്ക് മൂന്ന് മന്ത്രിമാരും രണ്ട് ഉയര്‍ന്ന ന്യായാധിപന്‍മാരും അടങ്ങുന്ന അഞ്ചംഗ ജുഡീഷ്യല്‍ കമ്മീഷന് കേസ് കൈമാറും. ഈ കമ്മീഷനായിരിക്കും മന്ത്രിക്കെതിരേ നടപടി സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."