കോര്‍പറേഷന്‍ കൗണ്‍സില്‍: ഗതാഗത പ്രശ്‌നം ചര്‍ച്ചയായി
കൊല്ലം: ദേശീയപാതയ്ക്കരികിലെ ഓഡിറ്റോറിയങ്ങള്‍ നിര്‍ബന്ധമായും മതിയായ പാര്‍ക്കിങ് സൗകര്യമൊരുക്കണമെന്ന് നിര്‍ദേശം നല്‍കുമെന്ന് മേയര്‍ വി രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ജങ്ഷനുകള്‍ വികസിപ്പിക്കണമെന്നും, രൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്.
വിവാഹചടങ്ങുകളം മറ്റും നടക്കുമ്പോള്‍ ഓഡിറ്റോറിയത്തിലെത്തുന്ന വാഹനങ്ങളുടെ ബാഹുല്യം മൂലം ദേശീയ, സംസ്ഥാന പാതകളില്‍ ഗതാഗത തടസമുണ്ടാകുന്നത് പതിവായിരിക്കുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ക്കിങ് സൗകര്യമൊരുക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി.
ദേശീയ പാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥരാണെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ വി.എസ് .പ്രിയദര്‍ശന്‍ യോഗത്തില്‍ തുറന്നടിച്ചു.അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കയ്യേറ്റക്കാര്‍ക്ക് വിവരം ചോര്‍ന്നുകിട്ടുന്ന സ്ഥിതിയാണുള്ളതെന്ന് വടക്കുംഭാഗം ഡിവിഷന്‍ കൗണ്‍സിലര്‍ ഹണിയും പരാതിപ്പെട്ടു.
തെരുവുവിളക്ക് പരിപാലനം തകരാറിലായതായി കോണ്‍ഗ്രസ് അംഗം എ. കെ .ഹഫീസ് ചൂണ്ടിക്കാട്ടി. ആലാട്ടുകാവ് ഡിവിഷന്‍ കൗണ്‍സിലര്‍ പി .ജി .രാജേന്ദ്രന്‍, അഞ്ചാലുംമൂട് ഡിവിഷനിലെ എം.എസ് .ഗോപകുമാര്‍, കുരീപ്പുഴ വെസ്റ്റ് ഡിവിഷന്‍ കൗണ്‍സിലര്‍ എസ് രാജ്‌മോഹനന്‍ എന്നിവരും തെരുവ് വിളക്ക് പരിപാലനത്തിലെ അപാകതകള്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
നോട്ട് നിരോധനം മൂലം അറ്റകുറ്റപ്പണികള്‍ക്ക് രണ്ടാഴ്ച തടസം നേരിട്ടുവെന്ന് മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ചിന്ത എല്‍. സജിത് പറഞ്ഞു.
ആശ്രാമം മൈതാനിയിലും 'ഗ്രീന്‍ പ്രോട്ടോക്കോള്‍' നടപ്പിലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ.് ജയന്‍ അറിയിച്ചു. മൃതദേഹം പൊതുശ്മശാനത്തില്‍ തന്നെ സംസ്‌കരിക്കണമെന്ന അവബോധം നഗരവാസികളില്‍ വളര്‍ത്തണമെന്നും സ്വകാര്യമായി ശവസംസ്‌കാരം നടത്തുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്നും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ നിര്‍ദേശിച്ചു.
സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ എം.എ സത്താര്‍, എസ് ഗീതാകുമാരി, അംഗങ്ങളായ എസ് മീനാകുമാരി, അജിത്കുമാര്‍ ബി, ബി അനില്‍കുമാര്‍, എന്‍ മോഹനന്‍, എസ് പ്രസന്നന്‍, എ നിസാര്‍, സലീന എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."