എല്‍.പി സ്‌ക്വാഡിന് ഇന്ന് ഒരുവയസ്
തൃശൂര്‍: സിറ്റി പൊലിസ് പരിധിയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരെ പിടികൂടുന്നതിന് രൂപീകരിച്ച എല്‍.പി സ്‌ക്വാഡിന് ഇന്ന് ഒരു വയസ്.
സിറ്റി പൊലിസ് കമ്മിഷണര്‍ കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒമാരായ വിനോദ്.എന്‍.ശങ്കര്‍, സാജ്, ലിപ്‌സണ്‍, സി.പി.ഒമാരായ ശശീധരന്‍, പ്രീബു, പ്രദീപ്, വിനു കുര്യാക്കോസ് എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങളായി പ്രവര്‍ത്തിച്ചുവരുന്നത്. മോഷണം, ചതി, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒളിവില്‍ കഴിഞ്ഞുവരുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരക്കാരെ പിടികൂടുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി 278 പിടികിട്ടാപ്പുള്ളികളെയാണ് എല്‍.പി സ്‌ക്വാഡ് പിടികൂടിയത്.
10 മുതല്‍ 26 വര്‍ഷം വരെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടാന്‍ കഴിഞ്ഞാണ് സ്‌ക്വാഡിന്റെ ഏറ്റവും വലിയ നേട്ടം. തട്ടിപ്പ്, വ്യാജ രേഖ ചമക്കല്‍, പെണ്‍വാണിഭം, ഡാറ്റ എന്‍ട്രി തട്ടിപ്പ്, വാഹന മോഷണം, കൊലപാതകശ്രമം, ജോലി തട്ടിപ്പ്, കവര്‍ച്ച, മോഷണം, സ്പിരിറ്റ് കടത്ത് തുടങ്ങിയ വിവിധങ്ങളായ കേസുകളിലെ പ്രതികളെ സ്‌ക്വാഡ് പിടികൂടിയിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ വാഹനം ഇടിപ്പിച്ച കേസില്‍ 26 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകുമാര്‍, വഞ്ചനാകേസില്‍ 22 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന എടക്കുന്നി സ്വദേശി സനൂപ്, വ്യാജരേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് 21 വര്‍ഷം ഒളിവിലായിരുന്ന പ്രതി പുനലൂര്‍ സ്വദേശി ബാബുകുട്ടന്‍ എന്നിവരെ പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."