സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ കൈകോര്‍ക്കണം: മന്ത്രി എം.എം. മണി
കട്ടപ്പന: ലോകത്തിന് മാതൃകയായ കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ജനാധിപത്യബോധമുള്ള മുഴുവന്‍ ആളുകളും കൈകോര്‍ക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി ആവശ്യപ്പെട്ടു. കട്ടപ്പന ടൗണ്‍ഹാളില്‍ സഹകരണ സംരക്ഷണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ബദല്‍ മാര്‍ഗ്ഗമൊരുക്കാതെ വിനിമയത്തിലുള്ള 86 ശതമാനം കറന്‍സിയും പിന്‍വലിക്കപ്പെട്ടതിലൂടെ കര്‍ഷകരും, തൊഴിലാളികളും സാധാരണക്കാരും നിത്യവൃത്തിക്കായി പാടുപെടുകയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ കറന്‍സി എത്തിക്കാന്‍ റിസര്‍വ്വ് ബാങ്കിന് കഴിയുന്നില്ലെങ്കിലും വേണ്ടപ്പെട്ടവര്‍ക്ക് രണ്ടായിരത്തിന്റെ നോട്ടുകള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയിലെ കാലതാമസം ആശ്വാസകരമല്ല. പൊതുജനങ്ങളുടെ ആര്‍ഭാടങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന അഭിപ്രായങ്ങള്‍ കഷ്ടപ്പെടുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ജനങ്ങളുടെ ആശ്വാസ കേന്ദ്രങ്ങളായ സഹകരണമേഖലയെ ശക്തിപ്പെടുത്താനുള്ള കാമ്പയിന്‍ ജനകീയ പ്രതിരോധമായി മാറ്റണമെന്ന് മന്ത്രി പറഞ്ഞു.
സഹകരണ മേഖലയുമായി ബന്ധമില്ലാത്തവരാണ് സഹകരണ മേഖലയില്‍ കള്ളപ്പണമുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്നും ജനങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് സഹകരണ പ്രസ്ഥാനത്തിലെ നിക്ഷേപങ്ങളെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എം. അഗസ്തി പറഞ്ഞു. നബാര്‍ഡ് ഉള്‍പ്പെടെ ഏതു ഏജന്‍സികളെക്കൊണ്ടും അന്വേഷിപ്പിക്കാം. കെ.വൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആര്‍.ബി.ഐ പിഴയിട്ടത് പൊതുമേഖലാ സ്വകാര്യ മേഖലാ ബാങ്കുകളെയാണ്. ജില്ലാ ബാങ്കുകള്‍ക്ക് പിഴയടക്കേണ്ടി വന്നിട്ടില്ല. പണരഹിത സമ്പദ്‌വ്യവസ്ഥയെ കുറിച്ച് സംസാരിക്കുന്നവര്‍ ഏറ്റവും സാധാരണക്കാരായവരെക്കുറിച്ച് അലോചിക്കുന്നില്ല.
1,35,000 കോടി രൂപ നിക്ഷേപവും രണ്ടുകോടി സഹകാരികള്‍ ഉള്ളതുമായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നത്. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോണി കുളംപള്ളി, അലക്‌സ് കോഴിമല, മാത്യു മത്തായി, ജോയി വെട്ടിക്കുഴി, എസ്. ദീപക്, റോമിയോ സെബാസ്റ്റ്യന്‍, എ.ആര്‍. രാജേഷ്, എം.പി ബേബി, ഇ.എം. സുഭാഷ്, കെ.എസ്. രാധാകൃഷ്ണന്‍, ഷാജി മാത്യു, മാത്യു ജോര്‍ജ്ജ്, കെ.എ. ഹമീദ്, ശ്രീമന്ദിരം ശശികുമാര്‍, എസ്. ഷേര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."