വെനസ്വലയില്‍ നോട്ടു് നിരോധനം പാളി
കരാക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വലയില്‍ നോട്ടുപിന്‍വലിക്കല്‍ തീരുമാനം ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിച്ചു. പ്രസിഡന്റ് നിക്കോളാസ് മദുറോ ആണ് ജനുവരി രണ്ടുവരെ തീരുമാനം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നോട്ടുപിന്‍വലിച്ചതിനു പിന്നാലെയായിരുന്നു മദുറോയുടെ വിപ്ലവകരമായ നീക്കം. 100 ബൊളിവറിന്റെ നോട്ടാണ് മുന്നൊരുക്കമില്ലാതെ പിന്‍വലിച്ചത്. ഇതിനു പകരം 500 ബൊളിവറിന്റെ നോട്ടുകള്‍ ചിലരുടെ ഗൂഢാലോചന മൂലം ഇറക്കാനായില്ലെന്നും ഇതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും പ്രസിഡന്റ് മദുറോ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. അമേരിക്കയുടെ പിന്തുണയുള്ള സംഘമാണ് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ പ്രക്ഷോഭം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ കറന്‍സികളുമായി നാലു വിമാനങ്ങള്‍ പുറപ്പെട്ടെങ്കിലും അന്താരാഷ്ട്ര നിയമപ്രശ്‌നത്തെ തുടര്‍ന്ന് വൈകുകയാണ്. എന്നാല്‍ എവിടെനിന്നാണ് പണം കൊണ്ടുവരുന്നതെന്നോ എന്താണ് അന്താരാഷ്ട്ര നിയമപ്രശ്‌നമെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
100 ബൊളിവര്‍ നോട്ടുകള്‍ ബാങ്കില്‍ നല്‍കി തിരികെ വാങ്ങാന്‍ 10 ദിവസമാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതുമൂലം സെന്‍ട്രല്‍ബാങ്കിനു മുന്നില്‍ ജനങ്ങളുടെ നീണ്ടവരിയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു പണം മാറ്റിവാങ്ങേണ്ട അവസാന തിയതി. സമയം നീട്ടിയെങ്കിലും ബാങ്കിനു മുന്നിലുള്ള ക്യൂ തുടരും. പലരും 450 കി.മി വരെ താണ്ടിയാണ് നോട്ടുമാറാന്‍ ബാങ്കിലെത്തുന്നത്. ഇതിനിടെ പലഭാഗത്തും ജനങ്ങള്‍ അക്രമാസ്തരാകുകയും സൈന്യവുമായി ഏറ്റുമുട്ടുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.
നോട്ട് നിരോധനത്തിനു പിന്നാലെ കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയും അടച്ചിരുന്നു. മാഫിയകളെ തടയാനാണ് ഇതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. 77 ശതമാനം പേരും ഉപയോഗിക്കുന്ന നോട്ടാണ് വെനസ്വല പെട്ടെന്ന് പിന്‍വലിച്ചത്. അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും കൂടുതല്‍ നാണ്യപ്പെരുപ്പമുള്ള രാജ്യങ്ങളിലൊന്നാണ് വെനിസ്വല.
ക്രിസ്മസ് അടുത്തതോടെ പണമില്ലാതെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായിരുന്നു. തീരുമാനത്തിന് ശേഷം രാജ്യത്തെ വ്യാപര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. പലര്‍ക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യം പോലുമുണ്ടായി. ഇതാണ് കലാപത്തിന് വഴിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."