അന്തര്‍ സംസ്ഥാന നദീജല തര്‍ക്കം: ട്രൈബ്യൂണലുകള്‍ ഒന്നിപ്പിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കം പരിഹരിക്കുന്നതു സംബന്ധിച്ചുള്ള ട്രൈബ്യൂണലുകള്‍ ഏകീകരിച്ച് ഒറ്റ ട്രൈബ്യൂണലാക്കുന്നു. ഇതിനായി 1956ലെ അന്തര്‍ സംസ്ഥാന നദിജല തര്‍ക്ക നിയമത്തില്‍ ഭേദഗതി വരുത്തും. തര്‍ക്കപരിഹാരത്തിനായി പ്രത്യേക ബെഞ്ചുകള്‍ രൂപീകരിക്കാനും അത്യാവശ്യത്തിന് മറ്റുള്ള ഏതെങ്കിലും സ്ഥലത്തു ചേരാവുന്ന വിധത്തില്‍ വ്യവസ്ഥ ചെയ്യാനുമാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഭേദഗതി ബില്ലിന് കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി.
തര്‍ക്കങ്ങളെല്ലാം ഒറ്റ ട്രൈബ്യൂണലിനു കീഴില്‍ വരുന്നതോടെ പെട്ടെന്ന് പരിഹാരമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും ട്രൈബ്യൂണല്‍ രൂപീകരിക്കുക. ആവശ്യമെങ്കില്‍ പ്രത്യേക ബെഞ്ചുകളും ട്രൈബ്യൂണലിനുണ്ടാകുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറി ശശി ശേഖര്‍ വ്യക്തമാക്കി. ഏതെങ്കിലും നദിജലവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആദ്യഘട്ടത്തില്‍ ഡിസ്പ്യൂട്ട് റെസലൂഷന്‍ കമ്മിറ്റി (ഡി.ആര്.സി) രൂപീകരിക്കും. ഡി.ആര്.സിക്കു പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളാകും ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കു വിടുകയെന്നും ശശി ശേഖര്‍ വിശദമാക്കി.
നദിജല തര്‍ക്കവുമായി ബന്ധപ്പെട്ട് എട്ട് ട്രൈബ്യൂണലുകളാണ് നിലവിലുള്ളത്. അതില്‍ കേരളം കൂടി കക്ഷിയായ കാവേരി, ഗോവ- കര്‍ണാടക- മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങള്‍ തമ്മിലുള്ള മഹാദയി, ഒഡീഷ- ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള മഹാനദി, രവി- ബിയാസ്, വനസാന്ദര, കൃഷ്ണ എന്നിവയും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."