ഭീകരാക്രമണം: മരിച്ചവരില്‍ മലയാളി സൈനികനും
കണ്ണൂര്‍: ജമ്മുകശ്മിരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ പരേതനായ രാഘവന്റെയും ഓമനയുടെയും മകനായ സി. രതീഷ് (35) ആണ് മരിച്ചത്. റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരവ് നന്ദ്കുമാര്‍ എന്നിവരാണ് വീരമൃത്യുവരിച്ച മറ്റ് സൈനികര്‍.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ശ്രീനഗര്‍-ജമ്മു ദേശീയപാതയിലെ പാംപോര്‍ കഡ്‌ലബയില്‍ വച്ച് സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ ബൈക്കിലെത്തിയ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.
ആക്രമണം ആള്‍ക്കൂട്ടത്തിനിടയിലായതിനാല്‍ സൈന്യത്തിന് തിരിച്ച് വെടിയുതിര്‍ക്കാനായില്ല. ഭീകരര്‍ ബൈക്ക് ഉപേക്ഷിച്ച് ജനക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ എട്ടിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കോയമ്പത്തൂര്‍ മധുക്കരൈയിലെ 44 ഫീല്‍ഡ് റെജിമെന്റിലെ നായിക് ആയ രതീഷ് മൂന്നുവര്‍ഷം മുന്‍പാണ് ഡെപ്യൂട്ടേഷനില്‍ കശ്മിരിലെ 36 രാഷ്ട്രീയ റൈഫിള്‍സിലെത്തിയത്. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി കോയമ്പത്തൂരിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. അവധിയില്‍ നാട്ടിലെത്തിയ രതീഷ് കഴിഞ്ഞ ഒന്‍പതിനാണ് കശ്മിരിലേക്ക് പോയത്.
മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍.എസ്.എസ് കോളജില്‍ നിന്ന് പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ രതീഷ് 14 വര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. കുറ്റിയാട്ടൂര്‍ സ്വദേശിനിയായ ജ്യോതിയാണ് ഭാര്യ. ആറുമാസം പ്രായമായ കാശിനാഥന്‍ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."