തെരഞ്ഞെടുപ്പ് തോല്‍വി: ജെ.ഡി.യുവില്‍ കലാപം
സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് സീറ്റിലും പരാജയപ്പെട്ടതോടെ ജെ.ഡി.യുവില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് വിടാതിരുന്നതും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയുമാണ് പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യു.ഡി.എഫ് വിടണമെന്ന അഭിപ്രായമുണ്ടായിട്ടും എല്‍.ഡി.എഫിലേക്ക് പോകാന്‍ വിലങ്ങുതടിയായി നിന്ന നേതാക്കള്‍ക്കെതിരേയാണ് ഇക്കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്നത്.
എല്‍.ഡി.എഫില്‍ ചേര്‍ന്നിരുന്നെങ്കില്‍ കുറഞ്ഞത് മൂന്നു സീറ്റെങ്കിലും നേടാനാകുമായിരുന്നുവെന്നും ചിലരുടെ സ്വാര്‍ത്ഥതാല്‍പര്യമാണ് പാര്‍ട്ടിക്ക് ലഭിക്കുമായിരുന്ന ഈ നേട്ടം ഇല്ലാതാക്കിയതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധം പുകയുന്നതിനിടെ ജൂണ്‍ ഒന്നിന് പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗം കോഴിക്കോട്ട് ചേരാന്‍ നേതൃത്വം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുന്ന യോഗത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരുമാണ് യോഗത്തില്‍ പങ്കെടുക്കുക.
തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യങ്ങള്‍ പിളര്‍പ്പിന്റെ വക്കില്‍ പാര്‍ട്ടിയെ എത്തിച്ചെങ്കിലും ഇടഞ്ഞു നിന്നവരെ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പിന്നീട് അനുനയിപ്പിക്കുകയായിരുന്നു. യു.ഡി.എഫില്‍ നീതി ലഭിക്കുന്നില്ലെന്ന് കാരണമായിരുന്നു നേരത്തെ പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയത്. മുന്നണി മര്യാദ പാലിക്കാത്ത യു.ഡി.എഫില്‍ തുടരേണ്ടതില്ലെന്ന നിലപാട് അന്ന് ഭൂരിഭാഗം നേതാക്കളും സ്വീകരിച്ചിരുന്നു.
കെ.പി. മോഹനനും മനയത്ത് ചന്ദ്രനുമാണ് യു.ഡി.എഫ് വിടുന്നതില്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു.ഡി.എഫ് വിടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. യു.ഡി.എഫില്‍ ഉറച്ച് നിന്ന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് ചില നേതാക്കളുടെ പിടിവാശിമൂലമാണെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."