കാട്ടാനകള്‍ റെയില്‍വേ ട്രാക്കില്‍; ഭീതിയൊഴിയാതെ ജനങ്ങള്‍
വാളയാര്‍: കഞ്ചിക്കോട് - കോയമ്പത്തൂര്‍ റെയില്‍പാതയില്‍ കാട്ടാനകള്‍ വീണ്ടും റെയില്‍വേ ട്രാക്കില്‍ നിലയുറപ്പിക്കുന്നു. വൈകുന്നേരങ്ങളില്‍ പുറം പ്രദേശങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളാണു ഭീഷണിയാകുന്നത്.
ആഴ്ചകള്‍ക്കു മുന്‍പു വാളയാറില്‍ കാട്ടാന ട്രെയിനിടിച്ച് ചരിഞ്ഞതിനു പിന്നാലെ വനം വകുപ്പ് ആനകളെ തുരത്താന്‍ കര്‍ശന നടപടിയെടുത്തെങ്കിലും യാതൊരു ഫലവുമില്ല.
കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നു പ്രദേശവാസികള്‍ പറയുന്നു. അഞ്ച് കിലോമീറ്ററിലധികം റെയില്‍പാത കടന്നുപോകുന്നത് വനമേഖലയിലൂടെയാണ്. മലബാര്‍ സിമന്റ്‌സ് കമ്പനി പരിസരത്തും മാന്‍പാര്‍ക്കിനു സമീപങ്ങളിലുമായി ഒരാഴ്ചയിലേറെയായി കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ട്. രാത്രിമാത്രം നിരവധി ട്രെയിന്‍ സര്‍വീസുകളാണ് ഇരുദിശയിലേക്കു മുള്ളത്. ഉച്ചത്തില്‍ ഹോണടിച്ചും വേഗം കുറച്ചുമാണ് അപകടങ്ങള്‍ പലതും ഒഴിവാക്കുന്നത്.
കാട്ടാനയെ ഇടിക്കുന്നതോടൊപ്പം റെയില്‍ പാളം തെറ്റി വന്‍ അപകടമുണ്ടാകാനും സാധ്യതയുണ്ട്. മൂന്നു വര്‍ഷത്തിനിടെ 11 കാട്ടാനകളാണ് ഇവിടെ ട്രെയിനിടിച്ചു ചരിഞ്ഞത്. ബി ലൈന്‍ ട്രാക്കില്‍ 517 മുതല്‍ 519 വരെ നീളുന്ന പ്രദേശവും കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്.
വേലഞ്ചേരി മുതല്‍ വാളയാര്‍ വരെ നീളുന്ന പ്രദേശത്ത് 12 വാച്ചര്‍മാരെ പ്രത്യേക ഡ്യൂട്ടിക്കായി വനം വകുപ്പ് നിയമിച്ചിട്ടുണ്ടെന്നു പരിശോധന കര്‍ശനമാക്കുമെന്നും ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എം.എസ് സൂരജ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."