ജില്ലയെ ഹരിതാഭമാക്കാന്‍ സമഗ്രപദ്ധതി
തിരുവനന്തപുരം: തലസ്ഥാന ജില്ലയെ ഹരിതാഭമാക്കാന്‍ സമഗ്ര പദ്ധതി തയാറാവുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സബ് കലക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യരുടെ നേതൃത്വത്തിലാണു പദ്ധതി തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി 21-നു നടക്കുന്ന അവബോധ-പരിശീലന പരിപാടിയില്‍ പുതിയ പ്രവര്‍ത്തന രേഖ അവതരിപ്പിക്കും.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയെ ഹരിതാഭമാക്കുകയും സൗന്ദര്യവല്‍കരിക്കുകയും ചെയ്യുകയാണു ലക്ഷ്യം. ജലസംരക്ഷണം, ജലസംഭരണം, കൃഷി, മരം വച്ചു പിടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. ജില്ലയിലെ എം.എല്‍.എമാര്‍, എം.പിമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സഹകരണം ഉറപ്പാക്കിയാണു പദ്ധതി നടപ്പാക്കുന്നത്.
ജില്ലയൊട്ടാകെ കോര്‍ത്തിണക്കി മുന്നോട്ട് പോവുകയെന്ന ആശയത്തോടെയാണ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ കീഴില്‍ ഒരോ പ്രദേശത്തിനും അനുയോജ്യമായതെന്തെന്ന് കണ്ടെത്തണം. അതിന് പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും ആവശ്യമാണ്. ഇത്തരത്തില്‍ പ്രാദേശികമായ കാഴ്ചപ്പാടോടെ മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ നാടിന് ആവശ്യമായവയെ കണ്ടത്താനും അതു സമഗ്രമാക്കി വളര്‍ത്താനും സാധിക്കും.
ഇതേ ആശയം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സെല്‍ നടപ്പാക്കിവരുന്നതെന്ന് സബ് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."