അവരെന്റെ ഏഴു മക്കളെ കൊന്നു
ബര്‍മീസ് സൈനികരില്‍നിന്നു രക്ഷപ്പെട്ട മകളെയും അണച്ചുപിടിച്ച് നൂര്‍ ആയിശയുടെ ബോട്ട് ബംഗ്ലാദേശ് ജലപ്പരപ്പുകളിലേക്ക് അകന്നകന്നു പോയി. പിന്നില്‍ ബോംബിട്ട് ചാമ്പലാക്കിയ കൂര, കൊന്നു തള്ളിയ ഏഴുമക്കളും ഭര്‍ത്താവും, കൊന്നിട്ടും അവളെ ബലാല്‍സംഗം ചെയ്തിട്ടും കലിയടങ്ങാത്ത സൈനികര്‍...
'ഇരുപതോളം പേരടങ്ങിയ സൈനികസംഘം എന്റെ വീടിനു മുമ്പിലെത്തി. 'കഴിഞ്ഞ ഒക്ടോബറില്‍ അവളുടെ ഗ്രാമത്തില്‍ ബര്‍മീസ് ഗവണ്‍മെന്റ് സൈന്യം അക്രമം അഴിച്ചുവിട്ട വിറങ്ങലിച്ച ആ പ്രഭാതം നാല്‍പതുകാരി നൂര്‍ ആയിശ ഓര്‍ത്തെടുക്കുന്നു. 'അവര്‍ ഞങ്ങളെല്ലാവരോടും വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. ഞങ്ങളുടെ അഞ്ചു മക്കളെയും ബലം പ്രയോഗിച്ച് കൈക്കലാക്കി ഒരു റൂമില്‍ പൂട്ടിയിട്ടു. ശേഷം ഗണ്‍ ബോംബിട്ട് ആ റൂം കത്തിച്ചു. എന്റെ അഞ്ചു മക്കളെയും ചുട്ടുകൊന്നവര്‍. രണ്ടു പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തതിനു ശേഷവും കൊന്നു. എന്റെ ഭര്‍ത്താവിനെയും ബാക്കിവച്ചില്ല. എന്നെ ബലാല്‍സംഗം ചെയ്തു വിവശയാക്കി.'
അഞ്ചു വയസ്സുള്ള ദില്‍നവാസ് ബീഗത്തെ മാത്രമാണെനിക്ക് കിട്ടിയത്. ഭീതി ചൂഴ്ന്നു നില്‍ക്കുന്ന കണ്ണുകളോടെ ആയിശ പറഞ്ഞൊപ്പിച്ചു. ദില്‍നവാസ് ബീഗം, സൈന്യം ഗ്രാമത്തിലെത്തിയപ്പോള്‍ അയല്‍ വീട്ടില്‍ പോയൊളിച്ചു. അതുകൊണ്ട് ആയിശക്ക് അവളെയെങ്കിലും കിട്ടി.
വടക്കു പടിഞ്ഞാറ് മ്യാന്‍മറില്‍ ബര്‍മന്‍ സൈനികര്‍ കൊന്നും കത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചും ഒരു ജനതയെ ഉന്മൂലനം ചെയ്യുകയാണ്. ആയിശയുടെ ദീനരോദനം ജീവനും ഭാവിയും ഇരുട്ടുമൂടിയ ആയിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്്‌ലിംകളുടെ മുറവിളികൂടിയാണ്. വാര്‍ത്തകളില്‍ തരംഗമാണ് ആയിശയുടെ വിവരണം. എന്നാല്‍, ഗവണ്‍മെന്റ് ഈ ആരോപണങ്ങളെയെല്ലാം നിഷേധിക്കുന്നു. എങ്കിലും ബലാല്‍സംഗ ലൈംഗിക അതിക്രമങ്ങള്‍ റാകൈനി (Rakhine) ലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള 'വിശാലമായ വംശീയ പ്രചോദിത അക്രമരീതികളു'ടെ ഭാഗമാണെന്നാണ് യു.എന്‍ പറയുന്നത്.
ക്യാരിപ്രാങ് (Kyariprang-) എന്നറിയപ്പെടുന്ന ക്യറ്റ് യോ പിന്‍ (Kyet Yoe Pyin ) ല്‍ ഒക്ടോബര്‍ ഒമ്പതിന് ബര്‍മീസ് ബോര്‍ഡര്‍ ഗാര്‍ഡിനു നേരെയുണ്ടായ അക്രമത്തെ തുടര്‍ന്നുണ്ടായ സൈനിക സംഘട്ടനങ്ങളുടെ ഭാഗമാണ് ഈ ഗ്രാമത്തിലെ സൈനിക നടപടി. ബര്‍മീസ് ബോര്‍ഡര്‍ സേനക്കു നേരെയുണ്ടായ ആക്രമണത്തില്‍ 9 പൊലിസുകാര്‍ കൊല്ലപ്പെട്ടു. ഇതിന്റെ പിന്നില്‍ റോഹിങ്ക്യന്‍ കലാപകാരികളുണ്ടെന്നാണ് മ്യാന്‍മര്‍ ഗവണ്‍മെന്റ് ആരോപിക്കുന്നത്. കഴിഞ്ഞ മാസം മുതല്‍ 15,000 ലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ബംഗ്ലാദേശിലേക്ക് ആട്ടിപ്പായിച്ചും കൊന്നൊടുക്കിയും ചുട്ടെരിച്ചും മ്യാന്‍മര്‍ സേന ഇതിനു പകരം വീട്ടിക്കൊണ്ടിരിക്കുകയാണ്.
അധിക അഭയാര്‍ഥികളും ബംഗ്ലാദേശ് തീരദേശ പ്രദേശമായ കോക്‌സ് ബസാറി (coxs Bazar)ലെ താല്‍ക്കാലിക അഭയാര്‍ഥി ക്യാംപുകളിലാണ് കഴിയുന്നത്. അവിടെ ആയിശ ഉള്‍പ്പെടെയുള്ള മൂന്ന് റോഹിങ്ക്യകളോട് 'ദി ഗാര്‍ഡിയന്‍' ഇന്റര്‍വ്യൂ നടത്തുകയുണ്ടായി. അവരെല്ലാം ക്യറ്റ് യോ പിന്‍ നിന്ന് രക്ഷപ്പെട്ടെത്തിയവരാണ്. അവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് ഒക്ടോബര്‍ 9 നു ശേഷം നടന്ന ക്രൂരതയുടെയും മൃഗീയതയുടെയും കഥകള്‍ മാത്രം.
സയീദ ഖദുന്‍, അഞ്ചു മാസം ഗര്‍ഭിണി. അവളോടും സൈന്യം അലിവ് കാട്ടിയില്ല. ഒക്ടോബര്‍ 11 ന് ഉച്ചയ്ക്ക് അവളുടെ വീടിനു മുമ്പില്‍ സൈന്യമെത്തി.
'തോക്കിന്‍ മുന ചൂണ്ടി വില്ലേജിലെ വിശാല അങ്കണത്തിലേക്ക് എന്നെയും മറ്റു മുപ്പതോളം റോഹിങ്ക്യന്‍ സ്ത്രീകളെയും ഒരുമിച്ച് കൂട്ടി' - 32 കാരി സയീദ ഖദുന്‍ പറയുന്നു.
'ഞങ്ങളുടെ കൂട്ടത്തില്‍നിന്നു കാണാന്‍ കൊള്ളാവുന്ന 15 പേരെ മാറ്റിനിര്‍ത്തി അവരെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. ഞാന്‍ മുറ്റത്തു തന്നെ നിര്‍ത്തിയ 15 സ്ത്രീകളില്‍ ഒരുത്തിയായിരുന്നു. ഞങ്ങളെ അവിടെ വച്ച് കീഴ്‌പ്പെടുത്തി ബലാല്‍സംഗം ചെയ്തു. വെടിവയ്ക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ ഞങ്ങളുടെ വസ്ത്രം അഴിച്ചുകൊടുക്കേണ്ടി വന്നു.'
സയീദ കദുന്‍, അവളൊരു ഭാഗ്യവതിയായാണ് സ്വയം കണക്കാക്കുന്നത്. ഒരു കുടുംബാംഗത്തെയും അവള്‍ക്ക് നഷ്ടപ്പെട്ടില്ല. ഭര്‍ത്താവ് ഒലി മുഹമ്മദിനോടൊത്ത് കലുഷിതമായ ഗ്രാമത്തില്‍ നിന്നു ജീവഹാനി സംഭവിക്കാതെ രക്ഷപ്പെട്ടു. പക്ഷേ, അവരുടെ ബന്ധം ഈ അക്രമം മൂലം ഉലഞ്ഞു. കദുനത്തെ ബലാല്‍സംഗം ചെയ്തയാള്‍ അവളുടെ കുഞ്ഞിന്റെ അച്ഛനാണെന്നാണ് ഭര്‍ത്താവ് മുഹമ്മദ് വിചാരിക്കുന്നത്. അവളെത്ര പറഞ്ഞിട്ടും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞില്‍ ഭാഗികമായിട്ടെങ്കിലും സൈനികര്‍ക്ക് പങ്കുണ്ടെന്ന് ഭര്‍ത്താവ് ആവര്‍ത്തിക്കുന്നു.
'കുട്ടി അശുദ്ധമാണെന്നും ഗര്‍ഭഛിദ്രം നടത്തണമെന്നും എന്റെ ഭര്‍ത്താവ് എന്നോട് പറയുന്നു'- അവള്‍ പറഞ്ഞു. 'തുടക്കത്തില്‍ ഞാന്‍ ഗര്‍ഭഛിദ്രത്തെ ഒരുപാട് തടുക്കാന്‍ നോക്കി. ബംഗ്ലാദേശില്‍ വച്ച് ചിലരൊക്കെ എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ തന്നെയാണ് കുട്ടിയുടെ യഥാര്‍ഥ അച്ഛനെന്ന് ബോധ്യപ്പെടുത്തി നോക്കി. എന്നാല്‍, അദ്ദേഹം ഉറച്ച വിശ്വാസത്തിലാണ്, കുട്ടിക്ക് ഞാനുള്‍പ്പെടെ ഒരുപാട് അച്ഛന്‍മാരുണ്ട്. എന്നില്‍ നിന്നും അകന്നാണിപ്പോള്‍ അദ്ദേഹം കഴിയുന്നത്.' സുദൃഢമായൊരു ബന്ധം തകര്‍ന്ന നീറ്റലില്‍ സയീദ കദുന്‍ രണ്ടു മക്കളോടൊപ്പം ബംഗ്ലാദേശില്‍ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നു.
നൂര്‍ ഹുസൈന്‍, തൊട്ടടുത്ത ങ്ങ്‌സാക്കു(Ngasaku-) സ്വദേശി. അദ്ദേഹം ഫോണ്‍ വഴി 'ദി ഗാര്‍ഡിയനോ'ട് കഥകളെല്ലാം പറഞ്ഞു. ' ഒക്ടോബര്‍ 11 ന് കീറ്റ് യോ പിന്‍ (Keyt yoe Pyin) ല്‍ ബര്‍മീസ് സൈനികരും പ്രദേശത്തുള്ള നടാല (ചമമേഹമ) എന്ന പേരിലറിയപ്പെടുന്ന ബുദ്ധ നിവാസികളും സംഘടിച്ചെത്തി. പകുതിയിലധികം വരുന്ന റോഹിങ്ക്യന്‍ സമൂഹത്തിന്റെ 850 ഓളം വീടുകള്‍ രണ്ടു ദിവസം കൊണ്ടവര്‍ ചുട്ടുചാമ്പലാക്കി. 265 ഓളം റോഹിങ്ക്യരെ സൈന്യം കൊന്നുതള്ളി'- അദ്ദേഹം പറയുന്നു.
'നൂറോളം സ്ത്രീകളെ അവര്‍ ബലാല്‍സംഗം ചെയ്തു. കാരിപ്രാങ്ങി (Karyiprang) ലെ ആക്രമണത്തില്‍ 25 ഓളം സ്ത്രീകളെ അവര്‍ കൊന്നു. 40 റോഹിങ്ക്യകളെയെങ്കിലും ജീവനോടെ ചുട്ടുകൊന്നു. വെടിവച്ചും കത്തിച്ചും കത്തികൊണ്ട് തലയറുത്തും അവര്‍ മരണസംഖ്യ ഉയര്‍ത്തിക്കൊണ്ടിരുന്നു. കൂടാതെ 150 ഓളം റോഹിങ്ക്യരെ പിടിച്ചു കൊണ്ടുപോയി, അവരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല'. രക്തമുറഞ്ഞ ഹൃദയത്തോടെ ഹുസൈന്‍ പറഞ്ഞൊപ്പിച്ചു.
മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഈയിടെ മ്യാന്‍മര്‍ സന്ദര്‍ശിക്കുകയും കലാപഭൂമികളിലെ നിവാസികളുമായി സംഭാഷണം നടത്തുകയും ചെയ്തിരുന്നു. തൊട്ടുടനെ യങ്കൂണിലെ പത്രസമ്മേളനത്തില്‍ പറഞ്ഞു: ' ഞാനും എന്റെ കമ്മിറ്റിയും മ്യാന്‍മറില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 'മനുഷ്യാവകാശ ധ്വംസന' വാര്‍ത്തകളില്‍ അങ്ങേയറ്റം ഉില്‍കണ്ഠാകുലരും ബര്‍മീസ് സുരക്ഷാസേനയെ നിയമാനുസാരിയായി പ്രവര്‍ത്തിക്കാന്‍ തര്യപ്പെടുത്തുകയും ചെയ്തിരുന്നു'.
കോഫി അന്നനോട് സംസാരിച്ച രണ്ട് റോഹിങ്ക്യന്‍ പ്രതിനിധികളെ പിന്നീട് സെക്യൂരിറ്റി സേന അറസ്റ്റ് ചെയ്തു. യു.കെ റോഹിങ്ക്യന്‍ കമ്മ്യൂണിറ്റി ലീഡര്‍ നൂറുല്‍ ഇസ്‌ലാം പറഞ്ഞു. കോഫി അന്നന്റെ സന്ദര്‍ശനത്തിന്റെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം റാകൈനിലെ (Rakhine) റോഹിങ്ക്യന്‍ വില്ലേജുകളില്‍ ബര്‍മീസ് സൈന്യം ഓപറേഷനുകള്‍ പുനരാരംഭിക്കുകയുണ്ടായി. ഈ ആഴ്ചതന്നെ ക്യാക്ക് ചൗങ്ങ് (Kyauk chaung) ഗ്രാമത്തില്‍ 50 ഓളം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുകയും 4 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നൂറുല്‍ ഇസ്‌ലാം പറഞ്ഞു.
ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്‍മറില്‍ കാലങ്ങളോളമായി റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബുദ്ധ തീവ്രവാദികളുടെ പീഡനങ്ങള്‍ക്കിരയാണ്. റോഹിങ്ക്യരുടെ പ്രഭവകേന്ദ്രമാണ് മ്യാന്‍മറെങ്കിലും ബംഗ്ലാദേശീ കുടിയേറ്റക്കാരെന്ന് ആരോപിച്ച് പൗരത്വവും സര്‍ക്കാര്‍ സേവനങ്ങളും അവര്‍ക്ക് തടയപ്പെട്ടിരിക്കുകയാണ്. റകൈനി (Rakhine) സ്റ്റേറ്റില്‍ മാത്രം ഏകദേശം ഒരു മില്യണ്‍ റോഹിങ്ക്യര്‍ താമസിക്കുന്നു. 2012ല്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപാനന്തരം ഒരു ലക്ഷത്തിലധികം പേര്‍ അഭയം തേടി പല ദിക്കുകളിലേക്ക് അലയുകയും അഭയാര്‍ഥി ക്യാംപുകളിലേക്ക് ചേക്കേറുകയും ചെയ്തു.
രണ്ടു പതിറ്റാണ്ടുകാലത്തെ പട്ടാള ഭരണത്തിനു ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ അധികാരത്തിലേറിയ ആങ് സാന്‍ സൂക്കി ഭരണകൂടം കിഴക്കു പടിഞ്ഞാര്‍ മേഘലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ വംശീയ-വര്‍ഗീയ കേസുകളും നേരിടുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍, നൊബേല്‍ സമ്മാന ജേതാവുകൂടിയായ സൂക്കി സൈനിക നടപടികളില്‍ മൗനം ദീക്ഷിക്കുകയും മീഡിയയെയും മനുഷ്യാവകാശ സംഘടനകളെയും കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുകയുമാണ് ചെയ്തത്.
ആംഗ് വിന്‍, ഒക്ടോബര്‍ 9ലെ ബോര്‍ഡര്‍ സേനയ്ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണ ചുമതലയുള്ള ബര്‍മീസ് ഓഫിസര്‍. അദ്ദേഹം എല്ലാ ആക്രമണങ്ങളുടെയും കലാപങ്ങളുടെയും വാര്‍ത്തകള്‍ നിഷേധിക്കുന്നു. 'എല്ലാ ബംഗാളി (റോഹിങ്ക്യന്‍) ഗ്രാമങ്ങളും തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളാണ്. ബര്‍മീസ് സൈനികര്‍ റോഹിങ്ക്യന്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യില്ല. അത്രയ്ക്ക് അഴുകിയവരാണവര്‍'-അദ്ദേഹം വാദിക്കുന്നു.
റാകൈന്‍ പത്രപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നേരെ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ്. ഒരു വിവരണവും 'ദി ഗാര്‍ഡിയന് ' കഴിഞ്ഞയാഴ്ചകളില്‍ സ്ഥിരീകരിക്കാനായില്ല. കഴിഞ്ഞ മാസങ്ങളില്‍ ഏകദേശം 30,000 ത്തോളം റോഹിങ്ക്യന്‍ മുസ് ലിംകള്‍ വീട് വിട്ട് അഭയാര്‍ഥികളായെന്നാണ് യു.എന്നിന്റെ കണക്ക്. ഹ്യൂമണ്‍ റൈറ്റ് വാച്ചിന്റെ സാറ്റലൈറ്റ് ഇമേജുകള്‍ കാണിക്കുന്നത് പ്രകാരം 1250 പുരയിടങ്ങള്‍ ഇതേകാലയളവില്‍ അഗ്‌നിക്കിരയാക്കി. അതില്‍ കീറ്റ് യോ പിന്‍ (Kyet yoe pyin) ല്‍ മാത്രം 245 വീടുകള്‍ കത്തിച്ചു.
മ്യാന്‍മറില്‍ നിന്നു രക്ഷപ്പെടുന്ന റോഹിങ്ക്യരെ കുത്തിനിറച്ച ബോട്ടുകള്‍ ബംഗ്ലാദേശി നേവി തടഞ്ഞു തിരിച്ചയക്കുന്നതായി ആരോപിക്കപ്പെടുന്നുണ്ട്. ഓരോ ആഴ്ചയിലും ആയിരക്കണക്കിന് റോഹിങ്ക്യരാണ് പ്രാണരക്ഷാര്‍ഥം അഭയാര്‍ഥികളായി പുറപ്പെടുന്നത്.
കഴിഞ്ഞയാഴ്ച മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നജീബ് റസാഖ് മ്യാന്‍മറില്‍ നടക്കുന്ന പീഡനങ്ങള്‍ വംശീയ ഉന്മൂലനത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
ലണ്ടന്‍ ക്യൂന്‍ മാരി സര്‍വകലാശാല ( Queen Mary Universtiy) നിയമകാര്യ പ്രഫസര്‍ പെന്നി ഗ്രീന്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കുനേരെയുള്ള ബര്‍മീസ് സേനയുടെ നടപടികള്‍ പന്ത്രണ്ട് മാസക്കാലം അന്വേഷിക്കുകയും പഠിക്കുകയും ചെയ്ത് അവസാനം ബര്‍മീസ് സൈന്യം ഒരു ന്യൂനപക്ഷ സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലാണെന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്തു. 'വംശീയ ഉന്മൂലനം വര്‍ഷങ്ങളോളം തുടരുന്ന ഒരു പ്രക്രിയയാണ്. ആദ്യം ലക്ഷ്യമിടുന്ന സമൂഹത്തെ അപമാനിക്കും. പിന്നെ ശാരീരികമായി ഉപദ്രവിക്കും. ഒറ്റപ്പെടുത്തും. എല്ലാ നിലയ്ക്കും ദുര്‍ബലരാക്കും. അവസാനം ഒരു സമൂഹത്തെ മുച്ചൂടും തുടച്ചുനീക്കും'- പെന്നി ഗ്രീന്‍ പറയുന്നു.
'നാല് വര്‍ഷക്കാലമായി റോഹിങ്ക്യര്‍ 'സ്റ്റേറ്റ് സ്‌പോണ്‍സേഡ്' അതിക്രമങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ആരോഗ്യ സുരക്ഷ, ഉപജീവനം, ഭക്ഷണം, പൗര ജീവിതം തുടങ്ങിയവ നേടിയെടുക്കാന്‍ അവര്‍ക്കിപ്പോഴും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്'.
'ഇപ്പോള്‍, ഈ വര്‍ഷം ഒക്ടോബര്‍ 9 മുതല്‍ നോര്‍ത്ത് റകൈനി സ്റ്റേറ്റില്‍ അതി ഭീകരമായ ഉന്മൂലന പ്രവര്‍ത്തനഘട്ടങ്ങളാണ് കടന്നു പോകുന്നത്. ജനങ്ങളെ കൊന്നൊടുക്കല്‍, ബലാല്‍സംഗം, വീട് കത്തിക്കല്‍, തട്ടിക്കൊണ്ട് പോകല്‍, ബോംബിടല്‍ തുടങ്ങിയ അതിക്രൂരമായ നടപടികളിലൂടെ ഒരു ജനതയെ ഒന്നടങ്കം ഇല്ലായ്മ ചെയ്യുകയാണ് മ്യാന്‍മര്‍ സൈന്യവും സുരക്ഷാസേന കളും.'
ജീവിതവും പുതു പ്രതീക്ഷകളും കരിഞ്ഞുണങ്ങി 'ഭൂമിയിലെ നരക'ത്തില്‍ എത്രനാള്‍ റോഹിങ്ക്യര്‍ക്ക് ഞെരിഞ്ഞമരേണ്ടി വരും. അലകടലില്‍ കരകാണാതെ അലഞ്ഞു തിരിയുന്ന പതിനായിരക്കണക്കിന് റോഹിങ്ക്യര്‍ക്ക് ഏത് രാജ്യമാണ് അഭയത്തിന്റെ പച്ചത്തുരുത്ത് നല്‍കുക.
കടപ്പാട് ദി ഗാര്‍ഡിയന്‍
മൊഴിമാറ്റം = എ.പി സല്‍മാനുല്‍ ഫാരിസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."