ബാങ്കില്‍ പഴയനോട്ട് ഒറ്റത്തവണ എത്രയും നിക്ഷേപിക്കാം
ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ 5000 രൂപയിലധികം നിക്ഷേപിക്കുന്നതിന് കഴിഞ്ഞദിവസം സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതില്‍ വിശദീകരണവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഡിസംബര്‍ 30നു മുമ്പായി നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ 5000 രൂപയില്‍ കൂടുതലുണ്ടെങ്കിലും ഒറ്റത്തവണയായി നിക്ഷേപിച്ചാല്‍ അന്വേഷണങ്ങളെ നേരിടേണ്ടതില്ലെന്നും എന്നാല്‍, പലതവണയായി 5000 രൂപയിലേറെ തുക നിക്ഷേപിച്ചാല്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. ഒരു അക്കൗണ്ടില്‍ 5,000 രൂപ വരെ മാത്രമെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ പാടുള്ളൂ, അതുതന്നെ നിക്ഷേപിക്കാന്‍ വൈകിയതിനുള്ള കാരണം ബാങ്കില്‍ ബോധ്യപ്പെടുത്തണം, രണ്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത് ഉപഭോക്താവിന്റെ മൊഴി രേഖയാക്കണം. ഇവ ബാങ്ക് അധികൃതര്‍ക്കു ബോധ്യപ്പെട്ടാല്‍ മാത്രമേ നിക്ഷേപിക്കാനാവൂ തുടങ്ങിയ നിബന്ധനകള്‍ തിങ്കളാഴ്ച ധനമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഈ നിബന്ധനകളിന്‍മേല്‍ പരക്കേ ആശയക്കുഴപ്പം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിശദീകരണവുമായി രംഗത്തെത്തിയത്.
5000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ച നോട്ടുകള്‍ കൈവശം ഉള്ളവര്‍ ഒറ്റത്തവണയായി ബാങ്കില്‍ നിക്ഷേപിക്കണം. എന്നാല്‍, പലതവണയായി പരിധിയിലധികം തുക ഒരാള്‍ തന്നെ നിക്ഷേപിക്കുന്നത് സംശയത്തിനിടയാക്കും. ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല. അസാധുവാക്കിയ നോട്ടുകള്‍ കൈവശമുള്ളവര്‍ ഡിസംബര്‍ 30നു മുമ്പായി ഒറ്റത്തവണ നിക്ഷേപിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട വ്യാപാരികളും വ്യവസായികളും ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറണം. രണ്ടുകോടി വിറ്റുവരവുള്ള വ്യാപാരികള്‍ ഡിജിറ്റല്‍ ഇടപാടിലേക്കു മാറിയാല്‍ നികുതി ഇളവ് നല്‍കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ചെക്ക് ഇടപാടുകള്‍ക്കും നികുതി നിരക്ക് എട്ടു ശതമാനത്തിനു പകരം ആറു ശതമാനമായിരിക്കും. നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റല്‍ ഇടപാടുകളില്‍ 300 മുതല്‍ 400 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്കില്‍ ആവശ്യത്തിനു പുതിയ നോട്ടുകളുണ്ട്. ഡിസംബര്‍ 30ന് ശേഷം പ്രതിസന്ധി ഉണ്ടാകാത്ത വിധത്തില്‍ പുതിയ 2000, 500 രൂപ നോട്ടുകള്‍ ആവശ്യത്തിന് അച്ചടിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ നേരിടുന്നതിന് സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."