കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് മേലെ പന്തുയരട്ടെ
തിരുവനന്തപുരം: ആവേശം തൊല്ലും കെടാതെ ഐ.എസ്.എല്‍ മൂന്നാം പതിപ്പും കഴിഞ്ഞിരിക്കുന്നു. കോര്‍പറേറ്റുകള്‍ പണ സമ്പാദനത്തിന്റെ പുതുവഴികള്‍ തേടിയിറങ്ങിയ കാലത്ത് രാജ്യത്തെ കാല്‍പന്തുകളിക്കും ഇന്ത്യന്‍ താരങ്ങള്‍ക്കും എന്തു നേട്ടമാണ് ലഭിച്ചതെന്ന ചോദ്യം വീണ്ടും അന്തരീക്ഷത്തില്‍ നില്‍ക്കുന്നുണ്ട് ഉത്തരമില്ലാതെ തന്നെ.
ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകോത്തര താര നിരയ്‌ക്കൊപ്പം കുറച്ചുകാലം പന്തു തട്ടാനായി. അതിനപ്പുറം ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒന്നും സംഭവിച്ചില്ല. ഇതു സാക്ഷ്യപ്പെടുത്തിയത് വിദേശ പരിശീലകര്‍ തന്നെ. കഴിഞ്ഞ തവണ സീക്കോ പറഞ്ഞ അതേ അഭിപ്രായം ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ കോപ്പലാശാന്‍ ആവര്‍ത്തിച്ചത് ഓര്‍ക്കുക.
സൂപ്പര്‍ ഫുട്‌ബോളില്‍ പന്തു തട്ടിയ ഇന്ത്യ താരങ്ങളെ അണിനിരത്തി പുതിയൊരു ടീം തിരഞ്ഞെടുക്കുക. ആ സംഘം ഒരു രാജ്യാന്തര ടീമുമായി ഏറ്റുമുട്ടുക. ഐ.എസ്.എല്‍ എന്തു നല്‍കി എന്നതിന് ഉത്തരം അവിടെ കാണാം. വെറും രണ്ടര മാസം കൊണ്ടു അവസാനിക്കുന്ന ഐ.എസ്.എല്ലിന് കൂടുതലൊന്നും നല്‍കാനാവില്ല. യൂറോപ്യന്‍ ലീഗുകളെ പോലെ കുറഞ്ഞത് 10 മാസമെങ്കിലും ലീഗ് നടക്കണം. ഇന്നത്തെ എട്ടു ടീമുകളുടെ സ്ഥാനത്ത് 16 ടീമുകള്‍ വരണം. തീര്‍ന്നില്ല കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ടീമുകളില്‍ നിര്‍ബന്ധമായും പന്തു തട്ടാന്‍ ഉണ്ടാകണം.
നിലവില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ആദ്യ ഇലവനില്‍ പുല്‍ത്തകിടിയില്‍ പന്തു തട്ടാന്‍ അവസരം ലഭിക്കുന്നത്. ഇതു മാറണം. ഏഴ് ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം ആദ്യ ഇലവനില്‍ നിര്‍ബന്ധമാക്കണം. ഇതിനു പുറമേ യൂറോപ്യന്‍ ലീഗുകളിലെ വിദേശ താരങ്ങളും ടീമുകളില്‍ ഉണ്ടാകണം. അനുഭവ സമ്പന്നരുടെ കൂടെ പന്തു തട്ടുന്നതോടെ ഇന്ത്യന്‍ താരങ്ങളുടെ ഗ്രാഫ് ഉയരുമെന്നുറപ്പ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്കായി ശ്രമിക്കാതെ രണ്ടര മാസം കൊണ്ടു എങ്ങനെ പണം കൊയ്യാം എന്നു മാത്രം ലക്ഷ്യമാക്കിയാല്‍ ഇന്ത്യന്‍ ഫുട്‌ബോളിനു കാര്യമായ മാറ്റമൊന്നും സംഭവിക്കില്ല. അതിനു കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് മുകളിലേക്ക് കാല്‍പന്ത് ഉയരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."