ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിച്ച് റയില്‍വേ ലൈന്‍ വരുന്നു
ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്ക് അംഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് റയില്‍വേ ലൈന്‍ വരുന്നു. ഇന്ത്യന്‍ റയില്‍വേയാണ് ഇതു സംബന്ധിച്ച പദ്ധതി തയാറാക്കുന്നത്. റയില്‍വേ ലൈന്‍ വഴി നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കാനാണ് തീരുമാനം. മണിപ്പൂരിലെ ജിരിബമില്‍ നിന്ന് തുടങ്ങി മ്യാന്‍മറിലെ മാന്‍ഡലായ് വരെ നീളുന്ന റയില്‍വേ ലൈന്‍ ദീര്‍ഘകാലമായി ആലോചനയിലുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് അഞ്ചു റൂട്ടുകളിലായി റയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കുള്ള സാധ്യതാപഠനം പൂര്‍ത്തിയായിട്ടുണ്ട്. അതോടൊപ്പമാണ് ഭൂട്ടാനിലേക്കും റയില്‍വേ ലൈന്‍ വ്യാപിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് റോഡ് നിര്‍മിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. ബംഗ്ലാദേശിലേക്ക് നിലവില്‍ നേരിട്ടുള്ള റയില്‍വേ സര്‍വിസുണ്ട്. അതോടൊപ്പം പുതിയ രണ്ടു റൂട്ടുകള്‍ കൂടി അവിടേക്ക് പ്രഖ്യാപിച്ചിട്ടുമുണ്ട്. മൈത്രി എക്‌സ്പ്രസ്, കൊല്‍ക്കത്ത- ധാക്ക എക്‌സ്പ്രസ് എന്നിവയാണ് ഇന്ത്യ- ബംഗ്ലാദേശ് റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. ത്രിപുരയില്‍ നിന്ന് ബംഗ്ലാദേശിലെ അക്കുറയിലേക്കുള്ള റയില്‍ പദ്ധതി തുടങ്ങിക്കഴിഞ്ഞു. പശ്ചിമബംഗാളിലെ ഹാല്‍ദിബാരിയില്‍ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിവരെ നീളുന്ന മറ്റൊരു ലൈനിന്റെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. മ്യാന്‍മറിലേക്കുള്ള റയില്‍പദ്ധതിയുടെ സാധ്യതാ പഠനം 2005ലാണ് നടത്തിയത്. ഇതില്‍ ഇംഫാല്‍ ഭാഗത്തുള്ള 125 കിലോമീറ്റര്‍ പദ്ധതിയുടെ പണി ആരംഭിക്കുകയും ചെയ്തു.
ബിഹാറിലെ റാക്‌സനോളില്‍ നിന്ന് നേപ്പാളിലേ ബീര്‍ഗഞ്ചിലേക്കുള്ള പാത പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. അതോടൊപ്പം ഭൂട്ടാനിലേക്കും കൂടി നാലു റൂട്ടുകളാണ് പദ്ധതി. നിലവില്‍ നേപ്പാളില്‍ റയില്‍വേ ശൃംഖലയില്ല. എന്നാല്‍ രാജ്യത്തിന്റെ സമതല മേഖലകളില്‍ ചില ചെറിയ റയില്‍വേ ലൈനുകളുണ്ട്. ബിഹാറിലെ ജയ്‌നഗര്‍, ജോഗ്ബാനി, ഉത്തര്‍പ്രദേശിലെ സോനാലി, റപയ്ദിയ തുടങ്ങിയ സ്റ്റേഷനുകള്‍ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. ഈ ലൈനുകള്‍ നേപ്പാളിലേക്ക് വ്യാപിപ്പിക്കാവുന്നതേയുള്ളു. ടിബറ്റ് വഴി നേപ്പാളിലേക്ക് റയില്‍വേ ലൈന്‍ നിര്‍മിക്കുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. എവറസ്റ്റ് പര്‍വതനിരകള്‍ക്ക് താഴെ തുരങ്കം നിര്‍മിച്ചാണ് റയില്‍ ഇടനാഴി നിര്‍മിക്കുന്നത്. ക്വിങ്ഹായ്- ടിബറ്റന്‍ റയില്‍വേയുടെ പ്രവര്‍ത്തനമാണ് ഇവിടേയ്ക്ക് വ്യാപിപ്പിക്കുക. ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന റയില്‍വേ ലൈന്‍ 2008ല്‍ പ്രഖ്യാപിച്ചതാണ്. പശ്ചിമബംഗാളിലെ ഹാഷിമാറയില്‍ നിന്ന് ഭൂട്ടാനിലെ തോറിബാരിയിലേക്ക് 18 കിലോമീറ്റര്‍ മാത്രം നീളമുള്ള ലൈനാണ് വരുന്നത്. ഇതു സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ റയില്‍വേ അവരുടെ എഞ്ചിനീയറിങ് കണ്‍സല്‍ട്ടന്‍സിയായ ആര്‍.ഐ.ടി.ഇഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."