ലഹരി മുക്തിയുടെ നല്ലപാഠം പറഞ്ഞ് 'ഗൃഹപാഠം' പദ്ധതി
കല്‍പ്പറ്റ: ലഹരിമുക്ത ആദിവാസി കോളനികള്‍ ലക്ഷ്യമിട്ട് പൊലിസിന്റെ 'ഗൃഹപാഠം' പദ്ധതി. മദ്യത്തിന്റെ ഉപയോഗം ആദിവാസി കോളനികളില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മദ്യം, മയക്കുമരുന്ന്, മുറുക്ക് തുടങ്ങിയ ലഹരി ഉപയോഗങ്ങളെക്കുറിച്ച് ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ മാനന്തവാടി പൊലിസിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പയ്യമ്പള്ളി പാടുകാണി-മുയല്‍ക്കുനി കോളനിയില്‍ മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂര്‍ നിര്‍വഹിച്ചു. പദ്ധതി പ്രകാരം കോളനികളിലെ പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ മദ്യം, മയക്കുമരുന്ന്, മുറുക്ക് എന്നിവയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വിവിധ പരാതികളുമായെത്തിയ ആദിവാസി വീട്ടമ്മമാരില്‍ നിന്ന് ആദിവാസി കോളനികളില്‍ മദ്യം വില്ലനാകുന്നുവെന്നതിനാലാണ് ജില്ലാ പൊലിസ് മേധാവി എം.കെ പുഷ്‌ക്കരന്റെ അനുമതിയോടെ മാനന്തവാടി പൊലിസ് 'ഗൃഹപാഠം' പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി കോളനികളില്‍ എല്ലാ ഞായറാഴ്ച്ചകളിലും വൈകുരേം നാലു മുതല്‍ അഞ്ചു വരെ ബോധവല്‍ക്കരണ ക്ലാസുകളും വീഡിയോ പ്രദര്‍ശനങ്ങളും നടത്തും.
ക്ലാസുകള്‍ക്ക് ശേഷം മദ്യവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കും. കോളനിയിലെ പ്ലസ്ടു, ഡിഗ്രി വിദ്യാഭ്യാസം നേടിയവരാണ് ക്ലാസുകളെടുക്കുക. ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും മാനന്തവാടി പൊലിസ് നല്‍കും. ഡി.വൈ.എസ്.പി, സി.ഐ, എസ്.ഐ, ജനമൈത്രി പൊലിസ്, മദ്യവര്‍ജന സമിതി പ്രവര്‍ത്തകര്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. എല്ലാ മാസവും പദ്ധതി അവലോകനം നടത്തും. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഗൃഹപാഠം പദ്ധതി വിജയകരമായാല്‍ പടച്ചിക്കുന്ന് കോളനിയിലേക്കും മറ്റു ആദിവാസി കോളനികളിലേക്കും വ്യാപിപ്പിക്കാനാണ് പൊലിസ് അധികൃതരുടെ ലക്ഷ്യം.
ട്രൈബല്‍ പ്രമോട്ടര്‍ മല്ലിക, കോളനി മൂപ്പന്‍ രവീന്ദ്രന്‍, ജനമൈത്രി പൊലിസ് പി.ആര്‍.ഒ, എ.എസ്.ഐ തുടങ്ങിയവര്‍ പങ്കെടുത്തു. അടിയ വിഭാഗത്തില്‍പ്പെട്ട 32 ഓളം കുടുംബങ്ങളാണ് ഈ കോളനികളിലുള്ളത്. പദ്ധതിയിലൂടെ ആദിവാസി കോളനികളിലുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങള്‍ക്കും മറ്റും ഒരു പരിധി വരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."