വനിതാ എസ്.ഐക്കും വനിതാ പൊലിസുകാര്‍ക്കുമെതിരേ ത്വരിത അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്
തൊടുപുഴ: ഭര്‍ത്താവിന്റെയും സഹോദരന്റെയും വാഹനങ്ങള്‍ വനിതാ സെല്ലിനുവേണ്ടി അനധികൃതമായി ഓടിച്ചതായി വ്യാജരേഖ ചമച്ച് മൂന്നു ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്ന പരാതിയില്‍ വനിതാ എസ്.ഐക്കും രണ്ടു വനിതാ പൊലിസുകാര്‍ക്കുമെതിരെ ത്വരിത അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്.
തൊടുപുഴ പൊലിസ് സ്‌റ്റേഷനിലെ വനിതാ സെല്‍ എസ്.ഐ ആയിരുന്ന കുമ്പങ്കല്ല് പാലക്കുഴ വീട്ടില്‍ സൈനബ, വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഇടവെട്ടി മാളിയേക്കല്‍ വീട്ടില്‍ കെ.എച്ച് നിസാമോള്‍, വെങ്ങല്ലൂര്‍ പുറമറ്റത്തില്‍ പി.ഷൈലജ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി ജനുവരി 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പിക്ക് മൂവാറ്റുപുഴ വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജ് പി മാധവന്‍ നിര്‍ദശം നല്‍കിയിരിക്കുന്നത്.
2014 - 15 ലാണ് പരാതിക്കാധാരമായ സംഭവം. ജില്ലയിലെ പട്ടികജാതി വര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുളള ചുമതല വനിതാ സെല്ലിനായിരുന്നു. സെല്ലിന് സ്വന്തമായി വാഹനമില്ലാത്തതിനാല്‍ യാത്രചെലവായി മൂന്നു ലക്ഷം രൂപയും ബത്തയായി രണ്ടര ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഇതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. എസ്.ഐയുടെ സഹോദരന്റെ വാഹനം, നിസാമോളുടെ ഭര്‍ത്താവിന്റെ വാഹനം, ഷൈലജയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുളള ഓട്ടോറിക്ഷ എന്നിവ വനിതാ സെല്ലിന് വേണ്ടി ഓടിച്ചതായി വ്യാജരേഖയുണ്ടാക്കി പണം തട്ടിയെടുത്തെന്നാണ് പരാതി.
വിവരാവകാശ പ്രവര്‍ത്തകനായ വി.എസ് അബ്ബാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."