കൊല്ലന്റെ ഉലയും ആലയും വിസ്മൃതിയിലേക്ക്
കുറ്റ്യാടി:വടക്കേ മലബാറിലെ ഗ്രാമക്കാഴ്ചകളില്‍ നിറസാന്നിധ്യമായിരുന്ന കൊല്ലന്റെ ഉലയും ആലയും വിസ്മൃതിയിലേക്ക്. ഗ്രാമീണകാര്‍ഷിക സംസ്‌കാരവുമായി ഇഴചേര്‍ന്ന കുടില്‍ വ്യവസായങ്ങളും, കുലത്തൊഴിലുകളും അന്യംനിന്നു പോകുന്നതിന്റെ തുടര്‍ച്ചയായാണ് കൊല്ലന്റെ ഉലയും ആലയും കാലത്തിന്റെ മാറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അപ്രത്യക്ഷമായിത്തുടങ്ങിയത്. കൃഷിപ്പണിക്കാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ച നിരവധി തൊഴിലാളികള്‍ ഒരുകാലത്ത് ഈ മേഖലയില്‍ ഉണ്ടായിരുന്നു.
മണ്‍വെട്ടി, മണ്‍കോരി, അരിവാള്‍, നുകം, കത്തി, കോടാലി, വാക്കത്തി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആയുധങ്ങളും ഉപകരണങ്ങളും കൊല്ലന്റെ ആലയിലെ ഉലയില്‍ ചുട്ടുപഴുപ്പിച്ച് രൂപപ്പെടുത്തിയിരുന്നു. ഇരുമ്പ് കഷണങ്ങള്‍ ചിരട്ടയും കരിയും ഉലയും ഉപയോഗിച്ച് പഴുപ്പിച്ച് അടിച്ചുപരത്തി നിര്‍മ്മിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ മികച്ച ഗുണമേന്മ ഉള്ളവയുമായിരുന്നു. കൊല്ലപ്പണിയുടെ മഹത്വം വടക്കന്‍ പാട്ടുകളിലും വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്. കൊല്ലക്കുടിലിനോട് ചേര്‍ന്നാണ് പണിശാലയും കെട്ടിയുണ്ടാക്കിയിരുന്നത്. നാല് തൂണുകളില്‍ മരകഷണങ്ങള്‍ കൂട്ടിക്കെട്ടി ഓലമേഞ്ഞ ആലകളാണ് കൊല്ലന്റെ പണിശാല. കാലത്തിന്റെ മാറ്റത്തില്‍ മറ്റ് കുലത്തൊഴില്‍, കുടില്‍വ്യവസായങ്ങള്‍ക്ക് നേരിട്ട പ്രതിസന്ധി കൊല്ലപ്പണിയെയും ബാധിച്ചു. വന്‍കിട വ്യവസായശാലകളില്‍ ഉല്‍പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് ഉപകരണങ്ങള്‍ വിപണി കിഴടക്കിയതും പുതിയ തലമുറയില്‍പ്പെട്ടവര്‍ ഈ കുലത്തൊഴില്‍ സ്വീകരിക്കാന്‍ വൈമനസ്യം കാണിച്ചതും മാറിമാറി വന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നു വേണ്ടത്ര പിന്തുണ ലഭിക്കാതായതും, കാര്‍ഷികമേഖലയുടെ തകര്‍ച്ചയും, നെല്‍വയലുകള്‍ ഇല്ലാതായതും ഈ തൊഴില്‍മേഖലക്ക് കനത്ത തിരിച്ചടിയായി.
കര്‍ഷകത്തൊഴിലാളികളും, കര്‍ഷകരും, കൊല്ലപ്പണിക്കാരും തമ്മില്‍ ഇഴചേര്‍ന്ന ഒരു ഹൃദയബന്ധം ഉണ്ടായിരുന്നു. ഓരോദിവസവും ജോലികഴിഞ്ഞാല്‍ അടുത്തദിവസത്തേക്ക് തങ്ങളുടെ ആയുധങ്ങള്‍ മൂര്‍ച്ഛകൂട്ടാന്‍ കൊല്ലന്റെ ആലയില്‍ എത്തുന്ന കര്‍ഷകത്തൊഴിലാളികള്‍ പോയകാലത്തെ പതിവ് കാഴ്ചയായിരുന്നു. ഭരണകൂടത്തിന്റെ ആത്മാര്‍ത്ഥ സഹായമുണ്ടങ്കില്‍ മാത്രമേ അന്യംനിന്നുപോകുന്ന ഇത്തരം ഗ്രാമക്കാഴ്ചകള്‍ വരുംതലമുറക്കായി കാത്തുവെക്കാന്‍ കഴിയു എന്ന അവസ്ഥയാണിന്നുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."