ലോറിഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്നു തുടങ്ങും
മഞ്ചേരി: ലോറി തട്ടിയെടുക്കാന്‍വേണ്ടി ഡ്രൈവറെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ വിചാരണ ഇന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി യില്‍ ആരംഭിക്കും. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനപ്പെടുത്തിയാണ് വിചാരണ. 2015 ഒക്‌ടോബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.
കോട്ടയം ചങ്ങനാശേരി സ്വദേശിയും ലോറി ഡ്രൈവറുമായ പുത്തന്‍പറമ്പില്‍ സിജി തോമസ്(44)നെ സുഹൃത്തുക്കളായ കോഴിക്കോട് കുമാരനല്ലൂര്‍ ചക്കിട്ടപ്പാറ വരയനാട്ട് ജെറിന്‍മാത്യു എന്ന ജോബി(37), ഇയാളുടെ സഹായി ചക്കിട്ടപ്പാറ നിരപ്പയില്‍ അരുണ്‍ ഫിലിപ്പ് (24) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തി ചുരത്തില്‍ തള്ളി എന്നതാണ് കേസ്. എറണാകുളത്തുനിന്നു ലോറിയില്‍ ചരക്കുമായി കൊണ്ടോട്ടിയിലെത്തിയ സിജി തോമസിനെ ജെറിന്‍ മാത്യുവും അരുണ്‍ ഫിലിപ്പുംകൂടി ലോറിയില്‍ തന്നെ താമരശ്ശേരി ഭാഗത്തേക്കു കൊണ്ടുപോകുകയായിരുന്നു.
വഴിയില്‍വച്ച് മൂവരും മദ്യപിച്ചു. മദ്യത്തില്‍ മയക്കുഗുളിക ചേര്‍ത്തു. അവശനായ സിജി തോമസിനെ തോര്‍ത്തുകൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി ചുരത്തിന്റെ എട്ടാം വളവിനും ഒന്‍പതാം വളവിനും ഇടയില്‍ 50 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് തള്ളി. പിന്നീട് സിജി തോമസിന്റെ ഭാര്യാ സഹോദരന്‍ കൊണ്ടോട്ടി പൊലിസില്‍ സിജിയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിജിയെ കൊല്ലപ്പെടുന്നതിന് മുന്‍പ് ഒട്ടേറെ തവണ പ്രതികള്‍ ഫോണ്‍വഴി ബന്ധപ്പെട്ടതായി തെളിയുന്നത്. പിന്നീട് ഏഴ് ദിവസത്തിന് ശേഷം മൃതദേഹം കൊക്കയില്‍നിന്നു കണ്ടെടുത്തു. കൊല്ലപ്പെട്ട സിജി തോമസിന്റെ മാതാവിനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അനസ് വരിക്കോടന്‍ ഹാജരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."