നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു; ചാലിയാര്‍ തീരത്തെ ആയിരങ്ങള്‍ ദാഹിച്ചുവലയും
മാവൂര്‍: നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതുമൂലം ശുദ്ധജലം സമൃദ്ധമായി ഒഴുകുന്ന ചാലിയാര്‍ തീരത്തെ ആയിരങ്ങള്‍ ദാഹിച്ചുവലയും. ഊര്‍ക്കടവ് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഷട്ടറിന്റെ കേടുപാടുകള്‍ തീര്‍ക്കാനായി 31 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും തുരുമ്പെടുത്ത ഷട്ടറുകള്‍മാറ്റാന്‍ നടപടിയായില്ല.
ഷട്ടറുകള്‍തുരുമ്പെടുത്തു നശിക്കാന്‍ തുങ്ങിയിട്ട് നാളുകളേറെയായി. ഊര്‍ക്കടവ് റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെപ്രവര്‍ത്തനം ഇതോടെ താളം തെറ്റി. ചാലിയാറിലെ ഉപ്പുവെള്ളം തട്ടിയാണ് റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ ഇരുമ്പ് ഷട്ടറുകള്‍ തുരുമ്പെടുത്തത്. വേനല്‍കാലത്ത് റഗുലേറ്ററിനെ ആശ്രയിച്ച് നടത്തുന്ന ഒട്ടേറെ ഇറിഗേഷന്‍ പദ്ധതികള്‍ അവതാളത്തിലാകും. ചാലിയാര്‍, ഇരുവഴിഞ്ഞി, ചെറുപുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ കിണറുകള്‍ വറ്റിത്തുടങ്ങി. ചാത്തമംഗലം, മാവൂര്‍, കുന്ദമംഗലം പഞ്ചായത്തുകളിലെ ഹെക്ടര്‍കണക്കിന് കൃഷിഭൂമി വരണ്ടുണങ്ങും.
മെഡിക്കല്‍ കോളജിലേക്ക് ശുദ്ധജലം വിതരണംചെയ്യുന്ന കൂളിമാട് പി.എച്ച്.ഇ.ഡിയിലെ പമ്പ്ഹൗസിന്റെ പ്രവര്‍ത്തനവുംപ്രതിസന്ധിയിലാകും. കേടായഷട്ടറുകള്‍ മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്. കേടായ ഷട്ടറിന്റെ റോളര്‍ നിര്‍മാണം കോയമ്പത്തൂരില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കേടായ രണ്ടുഷട്ടറുകളിലൊന്ന് ഇത്തവണമാറ്റിസ്ഥാപിക്കും. ഷട്ടര്‍ ഉയര്‍ത്തുകയും താഴ്ത്തുകയുംചെയ്യുന്ന മോട്ടോറുകള്‍ അറ്റക്കുറ്റപണി നടത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി നിലയ്ക്കുമ്പോള്‍ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിനും നടപടിയില്ല. കേടായഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞവേനലില്‍ ചാലിയാര്‍ തീരത്തെ കൂളിമാട് പമ്പിംങ് സ്റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. അധികൃതരുടെ അലംഭാവം തുടര്‍ന്നാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ശുദ്ധജലം സമൃദ്ധമായി ഒഴുകുന്ന ചാലിയാര്‍, ഇരുവഴിഞ്ഞി, ചെറുപുഴ തീരങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളും കര്‍ഷകരുമാണ് ദുരിതത്തിലാകുക. അതേസമയം ഊര്‍ക്കടവില്‍ റഗുലേറ്റര്‍-കം-ബ്രിഡ്ജ് കമ്മിഷന്‍ചെയ്ത് ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും പദ്ധതി ലക്ഷ്യം കാണാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുമ്പോഴും പാലത്തിലെ ടോള്‍പിരിവ് തുടരുകയാണ്. ടോള്‍ ഇനത്തില്‍ 2011-12 ല്‍ 6,76,615രൂപയും 2012-13 ല്‍ 7,00,100രൂപയും 2013-14 ല്‍ 8,16,000രൂപയും 2014-15 ല്‍ 10,10,111രൂപയും 2015-16 ല്‍ 8,48,700രൂപയുടെയും വരുമാനം ലഭിച്ചതായും ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."