ബോയന്‍സ് കോളനി അങ്കണവാടി അടച്ചുപൂട്ടാന്‍ ബാലക്ഷേമ സമിതി ഉത്തരവ്
കല്‍പ്പറ്റ: മുനിസിപ്പാലിറ്റി ആറാം വാര്‍ഡിലെ ബോയന്‍സ് കോളനി അങ്കണവാടി (നമ്പര്‍-126) അടിയന്തിരമായി അടച്ചുപൂട്ടാനും പതിനഞ്ചു ദിവസത്തിനകം സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനും ജില്ലാ ബാലക്ഷേമസമിതി ഉത്തരവിട്ടു.
അങ്കണവാടിയുടെ ശോച്യാവസ്ഥ സംബന്ധിച്ച് ഒരു ദൃശ്യ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വയനാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
ആഗോളതലത്തിലും ദേശീയതലത്തിലും അംഗീകരിക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണിണ് ഇവിടെ നടക്കുന്നതെന്ന് സി.ഡബ്ല്യു.സി വിലയിരുത്തി.
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിന്റെ ഗേറ്റിന് എതില്‍വശത്തായി ദേശീയ പാതയില്‍ നിന്നും കഷ്ടിച്ച് മൂന്ന് മീറ്റര്‍ താഴെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പഴകിദ്രവിച്ച ഒരു പീടിക മുറിയിലാണ് ഇപ്പോള്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് സ്ഥല സൗകര്യങ്ങളില്ലാത്ത ഇതേ മുറിയില്‍തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതും.
ആവശ്യത്തിന് വായു സഞ്ചാരമില്ലാത്തതും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. സമീപത്തുള്ള വീടിന് പുറകിലെ ശുചിമുറിയാണ് കുട്ടികള്‍ ഉപയോഗിക്കുന്നത്.
ടീച്ചറും കുട്ടികളും ഉള്ളില്‍ പ്രവേശിച്ച് നിരപ്പലകകള്‍ കൊണ്ട് മുന്‍വശം അടച്ചാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നതും മുറിക്കുള്ളിലും പുറത്തും ആപകടഭീഷണി നിലനില്‍ക്കുന്നതുമായ അങ്കണവാടി ഉടന്‍ അടച്ചുപൂട്ടി 15 ദിവസത്തിനകം സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റി അങ്കണവാടിയുടെ തുടര്‍ പ്രവര്‍ത്തനം ഉറപ്പ് വരുത്താന്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് സി.ഡബ്ല്യു.സി നിര്‍ദേശം നല്‍കി.
കണിയാമ്പറ്റയില്‍ നടന്ന സി.ഡബ്ല്യു.സി സിറ്റിങില്‍ ചെയര്‍മാന്‍ അഡ്വ. ഫ. തോമസ് ജോസഫ് തേരകം, അംഗങ്ങളായ ഡോ. പി. ലക്ഷ്മണന്‍, ഡോ.ബെറ്റി ജോസ്, അഡ്വ. ബാലസുബ്രമണ്യന്‍, റ്റി.ബി സുരേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."