കോളനികളുടെ ശോച്യാവസ്ഥ മാവോയിസ്റ്റുകളുടെ ആയുധമാകുമെന്ന് പൊലിസിന് ആശങ്ക
കാളികാവ്: ആദിവാസി കോളനികളുടെ ശോചനീയാവസ്ഥ കാരണം ആദിവാസികള്‍ക്കു മാവോയിസ്റ്റുകളോടുള്ള അടുപ്പത്തില്‍ പൊലിസിന് ആശങ്ക. ആദിവാസികള്‍ മാവോയിസ്റ്റുകളോട് നല്ല ബന്ധം പുലര്‍ത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കരുളായി വനമേഖലയിലെ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദിവാസികള്‍ അമര്‍ഷത്തോടുകൂടിയാണ് പ്രതികരിച്ചിരുന്നത്.
സഹായം ചെയ്തുതരുന്ന ഒരാള്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ക്കു വേദനയുണ്ടാകില്ലേയെന്നാണ് പൊട്ടിക്കല്ല് കോളനിയിലെ ഒരു ആദിവാസി പൊലിസിനോടു ചോദിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും പരിഹരിക്കപ്പെടാതെ കിടക്കുന്ന കോളനികളുടെ ശോചനീയാവസ്ഥ മുതലെടുക്കാന്‍ മാവോയിസ്റ്റുകള്‍ക്കു കഴിഞ്ഞതിലൂടെയാണ് ആദിവാസികളുമായി നല്ല ബന്ധമുണ്ടാക്കിയിട്ടുള്ളത്. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വീഴ്ചയാണ് പ്രശ്‌നമാകുന്നതെന്നാണ് പൊലിസ് പറയുന്നത്.
കോളനികളില്‍ അടിസ്ഥാനസൗകര്യംപോലും ഒരുക്കിക്കൊടുക്കാന്‍ അധികൃതര്‍ തയാറാകാത്തത് പ്രധാന പോരായ്മയായി പൊലിസ് ചൂണ്ടിക്കാണിക്കുന്നു. പോരായ്മ മനസിലാക്കി പൊലിസുകാര്‍ ആദിവാസികളെ സഹായിക്കുന്നുണ്ട്. സഹായം എത്തിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥരുമായി കോളനിക്കാര്‍ അടുപ്പം കാണിക്കുന്നുമുണ്ട്. ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമുള്ള ഐ.ടി.ഡി.പിയുടെ അവഗണനയില്‍ പൊലിസിനും കടുത്ത അമര്‍ഷമാണുള്ളത്.
നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പ്രശ്‌നം വഷളാകുമെന്നാണ് പൊലിസിന്റെ അഭിപ്രായം. ഐ.ടി.ഡി.പിയുടെ നിലപാടിനു പുറമേ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നടപടികളും ആദിവാസികളെ സര്‍ക്കാര്‍വിരുദ്ധ നിലപാടിലേക്കു നയിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
വിവിധ വകുപ്പുകളുടെ ക്ഷേമപ്രവര്‍ത്തനള്‍ ഏകോപ്പിക്കുക മാത്രമാണ് ഐ.ടി.ഡി.പിയുടെ ജോലിയെന്നാണ് ഒരുദ്യോഗസ്ഥന്‍ പറഞ്ഞത്. ആദിവാസികളെ നേരിട്ടു സഹായിക്കാന്‍ കഴിയില്ലെന്നു നിലപാടെടുത്ത ഐ.ടി.ഡി.പി ഉദ്യോഗസ്ഥര്‍ പക്ഷേ,പൊലിസുകാര്‍ ഇആദിവാസികള്‍ക്കു ചെയ്തുകൊടുത്ത ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. അമിത് മീണ കലക്ടറായായി ചുമതലയേറ്റതിനു ശേഷം നടത്തിയ കോളനി സന്ദര്‍ശനത്തിലായിരുന്നു ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചത്. പടുക്ക കോളനിയിലെ തയ്യല്‍ യൂനിറ്റ്, നെടുങ്കയം കോളനിയിലെ പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രം തുടങ്ങിയവ ഐ.ടി.ഡി.പി ചെയ്തുകൊടുത്തതാണെന്നായിരുന്നു ഉദ്യോഗസ്ഥന്റ വാദം. പിന്നീട് പൊലിസ് ഇടപെട്ട് ഉദ്യോഗസ്ഥന്റെ വാദം തിരുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."