മണ്ണട്ടാംപാറയില്‍ താല്‍ക്കാലിക ബണ്ടൊരുക്കിയിട്ടും ചോര്‍ച്ചതുടരുന്നു
തിരൂരങ്ങാടി: മണ്ണട്ടാംപാറ ഡാമിന്റെ ചോര്‍ച്ച തടയാന്‍ സ്ഥിരംസംവിധാനമായില്ല. താല്‍ക്കാലിക ബണ്ട് ഒരുക്കിയിട്ടും ചോര്‍ച്ച തുടരുകയാണ്. മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഡാം അധികൃതരുടെ അനാസ്ഥമൂലം നിത്യേനയെന്നോണം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഷട്ടറിന്റെ ചോര്‍ച്ചകാരണം കഴിഞ്ഞദിവസം മണല്‍ചാക്കുകള്‍ നിരത്തി മണ്ണ് നിറക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടെ ഷട്ടറുകള്‍ വഴിയുള്ള ചോര്‍ച്ച താല്‍ക്കാലികമായി അവസാനിച്ചെങ്കിലും ഡാമിന്റെ കോണ്‍ക്രീറ്റ് ഭിത്തിക്ക് താഴെ രൂപപ്പെട്ട വിള്ളലിലൂടെ വേലിയേറ്റ സമയങ്ങളില്‍ പുഴയിലേക്ക് ഉപ്പുവെള്ളം ഒഴുകുന്നതായി പരിസരവാസികള്‍ പറഞ്ഞു.
നിലവില്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനം പരാജയപ്പെടുന്ന അവസ്ഥയാണുള്ളത്. മണ്ണട്ടാംപാറ വഴി ഉപ്പുവെള്ളം എത്തുന്നതോടെ മൂന്നിയൂര്‍, തിരൂരങ്ങാടി, എ.ആര്‍ നഗര്‍, വേങ്ങര, വള്ളിക്കുന്ന്, തെന്നല, നന്നമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ കൃഷിനശിക്കും. ഷട്ടറിലെ ചോര്‍ച്ചകാരണം ഇതിനു മുമ്പ് പലതവണ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. മാത്രമല്ല പുളിവെള്ളം കയറുന്നതോടെ പരിസരപ്രദേശങ്ങളിലെ കുടിവെള്ളം മുട്ടുകയും ചെയ്യും.
പ്രതിവര്‍ഷം ഡിസംബര്‍ മാസങ്ങളിലാണ് തടയണ നിര്‍മിക്കാറുള്ളത്. എന്നാല്‍ ഇത്തവണ തുലാം ചതിച്ചതോടെ ബണ്ട് കെട്ടി വെള്ളം സംരക്ഷിക്കാന്‍ കര്‍ഷകര്‍ മാസം മുമ്പുതന്നെ മുറവിളികൂട്ടിയെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല.
അതുകൊണ്ടുതന്നെ പുഴയിലെ ജലവിതാനം താഴുകയായിരുന്നു. കടലില്‍നിന്നും കടലുണ്ടി പുഴയിലൂടെ കാര്‍ഷിക നിലങ്ങളില്‍ എത്തുന്ന ഉപ്പുവെള്ളം തടയാനാണ് 1957 ല്‍ 120 മീറ്ററിലധികം നീളത്തില്‍ ഡാം നിര്‍മിച്ചത്. അധികൃതരുടെ അനാസ്ഥമൂലം കാലക്രമേണെ ഡാമിന് ചോര്‍ച്ച സംഭവിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ഷട്ടറിനായിരുന്നു ചോര്‍ച്ചയെങ്കില്‍ ഈയിടെയാണ് ഡാമിന്റെ അടിത്തറയ്ക്ക് കീഴില്‍ ചോര്‍ച്ച കാണപ്പെട്ടത്.
അടുത്തിടെ ഡാമിന്റെ തകര്‍ച്ചയ്ക്ക് വേഗത വര്‍ധിച്ചിട്ടുണ്ട്. നടപ്പാതയുടെ സിമന്റ് അടര്‍ന്ന് വീണ് കമ്പികള്‍ പുറത്തുകാണുന്നുണ്ട്. കൈവരിയുടെ ഭാഗങ്ങള്‍ കഴിഞ്ഞദിവസവും തകര്‍ന്നുവീണു. ഇരുമ്പോത്തിങ്ങല്‍ കടവില്‍ ചെക്ക് ഡാം നിര്‍മിക്കുന്ന പക്ഷം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."