നടപ്പാത നിര്‍മിക്കാതെ റോഡ് വീതികൂട്ടല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
പള്ളിക്കല്‍: ദേശീയപാതയോരത്ത് നടപ്പാത നിര്‍മിക്കാതെ റോഡിന്റെ അരികുവരെ ടാര്‍ ചെയ്ത് റോഡ് വീതികൂട്ടുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ദേശീയപാതയില്‍ പലയിടങ്ങളിലും ഇത്തരത്തില്‍ അശാസ്ത്രീയമായ പ്രവൃത്തി നടന്നിട്ടുണ്ട്.
ദേശീയപാത കാക്കഞ്ചേരി മുതല്‍ ചെട്ട്യാര്‍മാട് വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഇടതുവശം ഓവുചാലും നടപ്പാതയും നിര്‍മിക്കാതെയാണ് റോഡ് വീതി കൂട്ടി ടാര്‍ ചെയ്തത്. കാക്കഞ്ചരി ടൗണില്‍ നിന്നും കിന്‍ഫ്ര ഇന്‍ട്രസ്റ്റില്‍ പാര്‍ക്കില്‍ നിന്നുള്ള തൊഴിലാളികളുള്‍പ്പെടെ നൂറ്ക്കണക്കിന് യാത്രക്കാരാണ് ചെട്ട്യാര്‍മാട് ഭാഗത്തേക്കും തിരിച്ചും ഇതു വഴി യാത്ര ചെയ്യുന്നത്. കാല്‍നട യാത്രക്കാരുടെ സുരക്ഷക്കായി ഇവിടെ റോഡരികില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ ഭാഗത്ത് ഓവുചാല്‍ നിര്‍മിക്കാത്തത് മൂലം മഴക്കാലമാകുന്നതോടെ മഴവെള്ളം റോഡിലൂടെ കുത്തിയൊലിച്ച് ഇപ്പോള്‍ ടാര്‍ ചെയ്ത ഭാഗങ്ങള്‍ ഉള്‍പ്പെടെ റോഡ് തകരാനും കാരണമാകും.
റോഡില്‍ പല ഭാഗങ്ങളിലും മരങ്ങള്‍ മുറിച്ചു മാറ്റാതെ മരത്തിന് ചുറ്റി ടാര്‍ ചെയ്തതും അപകടത്തിന് കാരണമാകും. രാത്രികാലങ്ങളില്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന്റെ ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡിലുള്ള മരങ്ങള്‍ ശ്രദ്ധയില്‍ പെടാതെ അപകടത്തിന് സാധ്യതയേറെയാണ്. ഇത്തരത്തിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുകയോ മരത്തിന് മുകളില്‍ വലിയ റിഫ്‌ളക്ടര്‍ സ്ഥാപിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."