കൊടവത്ത്കുന്നില്‍ ജലനിധി ഇരുമ്പ് കവചനിര്‍മാണം മതിയായ സുരക്ഷയില്ലാതെ
മാള: വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ ജലസംഭരണിയില്‍ നിന്നു ജലനിധി പദ്ധതിയില്‍ വെള്ളമെത്തിക്കുന്നതിനു കൊടവത്തുകുന്ന് പാലത്തിനു സമാന്തരമായി സ്ഥാപിച്ച ഇരുമ്പ് കവച നിര്‍മാണം മതിയായ സുരക്ഷയില്ലാതെ.
മുപ്പത് ലക്ഷം ലിറ്റര്‍ വെള്ളം സംഭരണ ശേഷിയുള്ള ടാങ്കാണ് കൊടവത്തു കുന്നിലുള്ളത്. വൈന്തല പമ്പിങ് കേന്ദ്രത്തില്‍ നിന്നുമാണ് ഇവിടെ വെള്ളമെത്തുന്നത്. ഇവിടെ നിന്നുമാണ് കുഴൂര്‍, പൊയ്യ, മാള തുടങ്ങിയ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം നടത്തുന്നത്.
അപകട ഭീഷണിയിലായ കൊടവത്തു കുന്ന് പാലം പുനര്‍നിര്‍മാണത്തിന് പൊളിക്കേണ്ടതുണ്ട്. ഇതു മുന്‍പില്‍ കണ്ടാണ് അധികൃതര്‍ പാലത്തിനു സമീപത്തുകൂടെ ഇരുമ്പിന്റെ കവചം നിര്‍മിച്ചത്. ഇരുതലകളും ഇരുവശവും സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചു വേണമിത് സ്ഥാപിക്കേണ്ടത്. ഇരുമ്പ് ഫ്രെയിമിന് പ്രാഥമികമായി നല്‍കേണ്ട പ്രൈമര്‍ മാത്രമാണ് അടച്ചിരിക്കുന്നത്.
കനം കൂടിയ പെയിന്റ് അടിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഫ്രെയിമിനകത്തു കൂടെ കടന്നുപോകുന്ന പൈപ്പിലൂടെ വെള്ളം തുറന്ന് വിടുന്നതോടെ ഭാരം വര്‍ധിക്കും.
സമീപത്ത് പാലം നിര്‍മാണത്തിന് തുടക്കമിടുന്നതോടെ പ്രദേശത്തിന് കുലുക്കവും വര്‍ധിക്കും ഇതിനെ അതിജീവിക്കും വിധം വേണം നിര്‍മാണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."