കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനം ഇനി പ്ലാസ്റ്റിക് വിമുക്തം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനമായ താവക്കര കാംപസ് പ്ലാസ്റ്റിക് വിമുക്ത കാംപസായി പ്രഖ്യാപിച്ചു. 'ഹരിത കേരളം' പരിപാടിയുടെ സര്‍വകലാശാല തലത്തിലുള്ള ഉദ്ഘാടനത്തിനു ശേഷം തുടര്‍പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
പ്രവേശന കവാടത്തിനരികെ പ്ലാസ്റ്റിക് വിമുക്ത മേഖല എന്ന ബോര്‍ഡ് സ്ഥാപിക്കും. ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു പ്രത്യേകം മാലിന്യ സംഭരണികള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ജനുവരി ഒന്നു മുതല്‍ കാംപസിനകത്തു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു കുറ്റകരമാക്കാനും നിയമം ലംഘിക്കുന്നവരില്‍ നിന്നു നൂറു രൂപ പിഴ ഈടാക്കാനും തീരുമാനമായി.
കാന്‍ന്റീനില്‍ പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഒഴിവാക്കും. പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍, അലൂമിനിയം ഫോയിലുകള്‍ മുതലായവയില്‍ ഭക്ഷണ പാര്‍സലുകള്‍ അനുവദിക്കുകയില്ല. സര്‍വകലാശാലയിലെ മുഴുവന്‍ ഇ-വേസ്റ്റുകളും റിപ്പയര്‍ ചെയ്യാനാകാത്ത ഫര്‍ണിച്ചറുകളുള്‍പ്പടെയുള്ള മാലിന്യങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ഖാദര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, ഫിനാന്‍സ് ഓഫിസര്‍ ഷാജി ജോസ്, അസി. എന്‍ജിനീയര്‍ കെ വിനോദ്, സെക്യൂരിറ്റി ഓഫിസര്‍ അശോക് കുമാര്‍, രാഹുല്‍ ബി അശോക്, ലീന സുകുമാര്‍, ടി ബാലകൃഷ്ണന്‍, ടി സജിത്ത്. എം.കെ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."