വികസനപ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നയം: മന്ത്രി
കോഴിക്കോട്: ഭൂമി ഏറ്റെടുക്കുന്നതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവുന്ന കാലതാമസം പരമാവധി ഒഴിവാക്കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. വികസന പ്രവൃത്തികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളില്‍ സര്‍ക്കാര്‍ നയം എന്ന വിഷയത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി മലബാര്‍ പാലസില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് പുനരധിവാസം ഉറപ്പു വരുത്തുമെന്നും മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും, വിവിധ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഭൂമി വിട്ടു നല്‍കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണ്. ഭൂമി ഏറ്റെടുക്കലില്‍ ഉണ്ടാവുന്ന എതിര്‍പ്പുകള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണും. കരിപ്പൂര്‍ വിമാനത്താവളം, ദേശീയ പാത, അതിവേഗ റെയില്‍പാത, ഗെയില്‍ പൈപ്പ് ലൈന്‍ എന്നിവക്കെല്ലാം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. അലക്ഷ്യമായി ഭൂമി ഏറ്റെടുത്ത് ഉപയോഗിക്കാതെയിരിക്കുന്നത് ഒരു പരിധി വരെ തടയാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഐപ്പ് തോമസ് അധ്യക്ഷനായി. സി.പി.ഐ അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി നാരായണന്‍കുട്ടി, സി.ഇ ചാക്കുണ്ണി എന്നിവര്‍ ആശംസ നേര്‍ന്നു. എം. മുസമ്മില്‍ നിവേദനം നല്‍കി. ഡോ. കെ മൊയ്തു ഉപഹാരവും നല്‍കി. ഡോ. എ.എം ഷെരിഫ് സ്വാഗതവും സുബൈര്‍ കൊളക്കാടന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."