കരുവഞ്ചാലില്‍ കരുണയില്ലാതെ പുഴ നികത്തല്‍
ആലക്കോട്: കരുവഞ്ചാല്‍ പുഴ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നു. വെള്ളാട് വില്ലേജ് ഓഫിസിനു സമീപത്താണ് കൂറ്റന്‍ പാറകളും മണ്ണും ഇറക്കി പുഴ കൈയേറ്റം നടക്കുന്നത്. കരുവഞ്ചാല്‍ പാലത്തിനു സമീപത്തു നിന്നു 300 മീറ്റര്‍ മാറി ആലക്കോട് പഞ്ചായത്തില്‍പ്പെട്ട പ്രദേശത്താണ് കൈയേറ്റം. മഴക്കാലമായാല്‍ വെള്ളം ഒഴുകുന്ന പുഴയിലേക്കാണ് കൂറ്റന്‍ പാറകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് കൂട്ടിയിട്ടിരിക്കുന്നത്.
കരുവഞ്ചാലിലെ സ്വകാര്യ ഹോട്ടലിനു മുന്‍വശത്ത് സ്ഥലമുള്ള വ്യക്തിയാണ് പുറമ്പോക്ക് ഭൂമിയില്‍ മണ്ണിട്ട് നികത്താനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളത്. പുഴയുടെ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തിയിട്ടില്ലെന്ന നിയമത്തിന്റെ പിന്‍ബലത്തിലാണ് വ്യാപക കൈയേറ്റം നടത്തുന്നത്.
അനധികൃത കൈയേറ്റമറിഞ്ഞിട്ടും അധികൃതര്‍ കണ്ണടയ്ക്കുന്നതാണ് ഇതു തുടരാന്‍ കാരണം.
പുഴയോരത്ത് മണ്ണിട്ട് നികത്തുമ്പോള്‍ പാലിക്കേണ്ട യാതൊരു നിയമവും ഇവിടെ പാലിക്കപ്പെടുന്നില്ല. വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണ് കൈയേറ്റം നടക്കുന്നതെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."