സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പന തകൃതി; കാണാത്ത മട്ടില്‍ അധികൃതര്‍
കരുനാഗപ്പള്ളി: സ്‌കൂളിന്റെ അന്‍പത് മീറ്റര്‍ ചുറ്റളവില്‍ പുകയില ലഹരി ഉല്‍പന്നങ്ങള്‍ തകൃതിയായി വിറ്റഴിക്കുമ്പോള്‍ എക്‌സൈസും പൊലിസും കണ്ണടച്ച് മൗനാനുവാദം നല്‍കുന്നതായി പരാതി. കരുനാഗപ്പള്ളി പുതിയകാവ് കാട്ടില്‍ക്കടവ് റോഡില്‍ ആദിനാട് യു.പി സ്‌ക്കൂളിന് സമീപത്തെ സലീം സ്റ്റേഷനറി കടയിലാണ് വന്‍തോതില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. വിദ്യാര്‍ഥികളും ചെറുപ്പക്കാരുമുള്‍പ്പെടെ പുകയില ലഹരി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഇവിടെ വന്‍ തിരക്കാണ്. രാവിലെയും വൈകിട്ടുമാണ് ആവശ്യക്കാര്‍ കൂടുതലായും ഇവിടെയെത്തുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നുമെത്തുന്ന പലരും റോഡില്‍ കൂടി നില്‍ക്കുന്നത് യാത്രക്കാരായ സ്ത്രീകള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. അശ്ലീല സംഭാഷണങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ ഇക്കൂട്ടര്‍ പ്രയോഗിക്കുന്നതും പതിവാണ്.
പല തവണ നാട്ടുകാര്‍ എക്‌സൈസില്‍ പരാതിപെട്ടിട്ടുണ്ടെങ്കിലും പേരിന് വന്ന് പരിശോധന നടത്തുകയും തുച്ഛമായ തുക കടയുടമയില്‍ നിന്നും പിഴ ഈടാക്കി തിരിച്ചു പോവുകയുമാണ് പതിവ്. പരിശോധന കഴിഞ്ഞ് എക്‌സൈസ് സംഘം മടങ്ങുമ്പോള്‍ തന്നെ ഇവിടെവീണ്ടും കച്ചവടം തുടങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു. നാലു തവണയില്‍ കൂടുതല്‍ എക്‌സൈസ് ഇയാള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെങ്കിലും കേസ് ചുമത്തിയിട്ടില്ലെന്നാണ് വിവരം. തൊട്ടടുത്ത് സര്‍ക്കാര്‍ യു.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുമ്പോഴും ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടമക്കെതിരേ കേസ് ചുമത്തി അറസ്റ്റ് ചെയ്യാത്തത് എക്‌സൈസുമായുള്ള അവിഹിത ബന്ധമാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കരുനാഗപ്പള്ളി എക്‌സൈസിന്റെ നിരുത്തരവാദമായ നടപടിക്കെതിരെ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."