വേണാട് ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു
കൊല്ലം: കാഞ്ഞവയലില് കെ.എസ്.ആര്.ടി.സി വേണാട് ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായതായി എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. പുനലൂര്‍ ഏരൂരിനും പത്തടിക്കും ഇടയ്ക്ക് കാഞ്ഞവയലില് കെ.എസ്.ആര്.ടി.സി വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച് കെ.എസ്.ആര്.ടി.സി ചീഫ് ഓഫീസില്‍ നിന്ന് ഉത്തരവായിരുന്നു. കൊല്ലം സോണല്‍ ഓഫീസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സ്റ്റോപ്പ് അനുവദിച്ചത്.
എന്നാല്‍ ഉത്തരവ് പ്രകാരം ബസ് നിര്‍ത്താന്‍ ഒരു വിഭാഗം ജീവനക്കാര്‍ തയാറായില്ല. പ്രദേശവാസികളുടെ ഒഴിച്ചുകൂടാനാകാത്ത ആവശ്യം പരിഗണിക്കണമെന്നും അനുവദിച്ച സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും കൊല്ലം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയോട് എന്‍.കെ. പ്രേമചന്ദ്രന് എം.പിയും കാഞ്ഞവയല്‍ അവകാശ സംരക്ഷണ സമിതി കണ്‍വീനര്‍ വിളയില്‍ സിറാജുദ്ദീനും ആവശ്യപ്പെട്ടു. കൊല്ലം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റയോഗം വിഷയം പരിഗണിച്ചതിനെതുടര്ന്ന് കാഞ്ഞവയലില് സ്റ്റോപ്പ് അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് അതോറിറ്റി കണ്ടെത്തി. ജില്ലാ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗതീരുമാന പ്രകാരമാണ് കെ.എസ്.ആര്.ടി.സി വേണാട്, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് കാഞ്ഞവയലില് സ്റ്റോപ്പ് അനുവദിച്ചത്. അതോറിറ്റി ഉത്തരവ് നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്താന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."