കേള്‍വിപരിശോധനാ സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനായില്ല
മഞ്ചേരി: മഞ്ചേരി ബി.ആര്‍.സിക്കു കീഴിലെ കേള്‍വിപരിശോധകേന്ദ്രത്തില്‍ ഉപയോഗിച്ചിരുന്ന അത്യാധുനിക കേള്‍വിപരിശോധന സംവിധാനമായ ബ്രെയിന്‍ സ്‌റ്റെം ഇവോക്ക്ഡ് റെസ്‌പോണ്‍സ് ഓഡിയോമെട്രി (ബെറാ) പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളാകുന്നു. പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ ഈ വിദേശ ഉപകരണം വഴി നിരവധി കേള്‍വി പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ മാസങ്ങളോളമായി പണിമുടക്കികിടക്കുന്ന ഉപകരണം പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചിട്ടില്ല. കേള്‍വി സംബന്ധമായ ചെറിയ തകരാറുകള്‍ ബെറാ ടെസ്റ്റ് സംവിധാനത്തിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. പ്രതികരണ ശേഷിയില്ലാത്ത കുട്ടികളുടെ കേള്‍വിപോലും ഈ ഓഡിയോമെട്രിവഴി നിര്‍ണയിക്കാന്‍ കഴിയുന്നു.
നേരത്തെ ബാംഗ്ലൂരില്‍ നിന്നും രണ്ട് തവണ ടെക്‌നീഷ്യന്‍മാര്‍ വന്നു തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. വിദേശനിര്‍മിത ടെക്‌നോളജിയായതിനലാണ് തകരാര്‍ പരിഹരിക്കുന്നതിനു സാധിക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഈ അത്യാധുനിക സംവിധാനം പ്രവര്‍ത്തിച്ചിരുന്നങ്കിലും ഇപ്പോള്‍ അതു നിശ്ചലമായിരിക്കുകയാണ്. ബെറ വഴിയുള്ള കേള്‍വിപരിശോധന തേടിയെത്തുന്നവര്‍ നിരവധിയാണ്. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെവിടേയും ഇത്തരത്തിലുള്ള സൗകര്യമില്ല. ആയിരം മുതല്‍ രണ്ടായിരം രൂപവരെ ചെലവുവരുന്നതാണ് ബെറാ വഴിയുള്ള കേള്‍വി പരിശോധന. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ഈ സംവിധാനം നിലവിലുണ്ടങ്കിലും ഭീമമായി തുകയാണ് ഈടാക്കുന്നത്.
മഞ്ചേരി ബി.ആര്‍.സിക്കു കീഴില്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്ന സമയത്ത് സാധാരണകാര്‍ക്കു ഇതുവഴി സൗജന്യമായി മെച്ചപ്പെട്ട കേള്‍വി ടെസ്റ്റുകള്‍ ലഭിച്ചിരുന്നു .ബെറ പണിമുടക്കിയതോടെ സാധാരണകാര്‍ക്കു സ്വകാര്യആശുപത്രികളെ തേടിപോവേണ്ട അവസ്ഥയാണിപ്പോള്‍. കുട്ടികളില്‍ കേള്‍വിപ്രശ്‌നങ്ങള്‍ ഇയിടെയായി വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരോ ഉപജില്ലകളിലും 30മുതല്‍ 40വരെ കുട്ടികള്‍ കേള്‍വി വൈകല്യമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരി ബി.ആര്‍.സിയില്‍ മാത്രം 140 കേള്‍വി വൈകല്യമുള്ള കുട്ടികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."