മഴയില്ല; തക്കാളി കര്‍ഷകരും ദുരിതത്തില്‍
കൊഴിഞ്ഞാമ്പാറ: കാര്യമായ മഴ ലഭിക്കാത്തതോടെ ജില്ലയില്‍ പ്രതീക്ഷയോടെ വിളവിറക്കിയ തക്കാളി കര്‍ഷകര്‍ പ്രതിസന്ധിയില്‍. കിഴക്കന്‍ മേഖലയിലെ പ്രധാന കാര്‍ഷിക പഞ്ചായത്തുകളായ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലായി നൂറുകണക്കിന് ഏക്കര്‍ സ്ഥലത്താണ് തക്കാളി കൃഷി ചെയ്തിരിക്കുന്നത്.
മഴയെയും കനാല്‍ വെള്ളത്തേയും പ്രതീക്ഷിച്ച് കൃഷിയിറക്കാറുള്ള പ്രദേശത്തെ ഇത്തവണ രണ്ടും ചതിച്ച സ്ഥിതിയാണ്. ഒന്നുരണ്ടു മഴയെങ്കിലും ലഭിക്കുന്ന സ്ഥാനത്ത് പേരിനുപോലും ഇത്തവണ മഴ പെയ്തില്ല.
തക്കാളി വിളവെടുപ്പിനു തയാറാവുന്നതിനു മുന്‍പുതന്നെ പ്രദേശത്തെ മിക്ക ജലസ്രോതസുകളും വറ്റിത്തുടങ്ങിയിരുന്നു. പല കര്‍ഷകരും ഒന്നുരണ്ടു വിളവെടുപ്പിനുശേഷം കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ്. മറ്റു ചിലര്‍ ലഭ്യമാകുന്ന വെള്ളം കുറച്ചു കൃഷിയിടങ്ങളില്‍ മാത്രം നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി മറ്റു സ്ഥലത്ത് കൃഷിചെയ്ത തക്കാളിച്ചെടികളെ ഉപേക്ഷിക്കുകയും ചെയ്തു.
ലക്ഷങ്ങള്‍ മുതല്‍മുടക്കി കൃഷിയിറക്കിയ കര്‍ഷകരില്‍ പലരും കടബാധ്യതയിലാണ്. വിളയുണക്കം ബാധിച്ച കര്‍ഷകരെ കടക്കെണിയില്‍നിന്നും രക്ഷിക്കാനും അടുത്ത വിളവ് ഇറക്കുന്നതിനുമുള്ള സഹായം സര്‍ക്കാര്‍ ഇടപെട്ട് നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."