നോട്ട് പ്രതിസന്ധി : വട്ടം കറങ്ങി തോട്ടം തൊഴിലാളികള്‍
മേപ്പാടി: നോട്ട് പ്രതിസന്ധിയില്‍ തളര്‍ന്ന് തോട്ടം തൊഴിലാളികള്‍. ചെയ്ത ജോലിയുടെ കൂലി ലഭിക്കാതെ വട്ടം കറങ്ങുകയാണ് തൊഴിലാളികള്‍. നേരത്തെ കമ്പനി ഓഫിസുകളില്‍ നിന്നും നേരിട്ടു നല്‍കിയിരുന്ന കൂലി ഇപ്പോള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ്. എന്നാല്‍ തുക പിന്‍വലിക്കാനുള്ള പ്രയാസമാണ് പ്രശ്നമാകുന്നത്. പണം പിന്‍വലിക്കണമെങ്കില്‍ ജോലി ഉപേക്ഷിച്ച് ബാങ്കില്‍ പോവേണ്ട സ്ഥിതിയാണ്. ബാങ്കില്‍ നിന്നാണങ്കില്‍ മുഴുവന്‍ തുകയും ഒരുമിച്ച് പിന്‍വലിക്കാന്‍ പറ്റുന്നുമില്ല. എ.ടി.എം വഴി പിന്‍വലിക്കാം എന്നുവെച്ചാല്‍ 2000 രൂപ മാത്രമേ പിന്‍വലിക്കാന്‍ പറ്റുന്നുള്ളൂ. മിക്ക എ.ടി.എമ്മിലും പണമില്ലാതെ അടച്ചിടുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നു.
ഹാരിസണ്‍സ് മലയാളം കമ്പനിയുടെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല, പുത്തുമല ഡിവിഷനിലുള്ള തൊഴിലാളികളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പണം പിന്‍വലിക്കാനായി അവധിയെടുത്ത് മേപ്പാടിയിലെത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ചൂരല്‍മലയില്‍ കേരള ഗ്രാമീണ്‍ ബാങ്ക് എ.ടി.എം ഉണ്ടെങ്കിലും ഇത് നവംബര്‍ ഒന്‍പതിന് അടച്ചിട്ട് പിന്നീടിതുവരെ തുറന്നിട്ടില്ല. എ.ടി.എമ്മില്‍ നിറക്കാന്‍ പണമില്ലെന്ന് പറഞ്ഞാണ് കൗണ്ടര്‍ അടച്ചിട്ടിരിക്കുന്നത്. എന്നാല്‍ തോട്ടം തൊഴിലാളികളുടെ അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലായതിനാലാണ് എ.ടി.എമ്മില്‍ പണം നിറക്കാത്തതെന്നും ആരോപണമുണ്ട്.
കമ്പനി തൊഴിലാളികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക എടുക്കാന്‍ ബാങ്കിലെത്തിയാല് മിക്കപ്പോഴും മുഴുവന്‍ തുകയും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. രണ്ടായിരത്തില്‍ താഴെയുള്ള തുക ശമ്പളമായുള്ള തൊഴിലാളികള്‍ക്ക് ഇതുവരെ പണം ലഭിച്ചിട്ടുമില്ല. ശമ്പളം കൈപ്പറ്റാനായി ഒരു ദിവസം അവധി വേണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."