എടച്ചേരിയില്‍ ജലനിധിയുടെ കിണറും പമ്പ്ഹൗസും താഴ്ന്നു
എടച്ചേരി: ഇന്ന് ഉദ്ഘാടനം നടക്കേണ്ടിയിരുന്ന ജലനിധിയുടെ കിണറും പമ്പ്ഹൗസും താഴ്ന്നു. ഇതോടെ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട പദ്ധതിയുടെ ഉദ്ഘാടനവും മുടങ്ങി. എടച്ചേരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ജലനിധി പണി കഴിപ്പിച്ച പതിനാറാം വാര്‍ഡിലെ എം.എ ഹൗസ് ഭാഗം കിണറാണ് രണ്ടു മീറ്ററിലേറെ താഴ്ന്നുപോയത്. കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കിണറിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. അതിനിടെ ഏഴു മീറ്റര്‍ തഴ്ചയുള്ള കിണറിന്റെ മേല്‍ഭാഗത്തു സ്ലാബ് പണിത് അതിനു മുകളില്‍ തന്നെ പമ്പ് ഹൗസും നിര്‍മിക്കുകയാണ് ചെയ്തത്.
സൂര്യപ്രകാശം ലഭിക്കുന്നതിനായി സ്ലാബിനു മുകളില്‍ ചില ഭാഗങ്ങളില്‍ ഗ്രില്‍സ് ഘടിപ്പിക്കുകയും ചെയ്തിരുന്നു. സ്ലാബില്‍ നിന്നു ഒരു മീറ്ററിലധികം ഉയരത്തില്‍ ആള്‍മറയും കെട്ടിപ്പൊക്കിയിരുന്നു. ആള്‍മറയും സ്ലാബുമടക്കമാണ് രണ്ടു മീറ്ററിലധികം കിണര്‍ താഴ്ന്നത്. അതേസമയം, കിണറിനു മുകളിലുളള പമ്പ് ഹൗസിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. എന്നാല്‍ കിണര്‍ പുതുക്കിപ്പണിയുമ്പോള്‍ ഇനി പമ്പ് ഹൗസ് പൊളിച്ചു മാറ്റേണ്ടി വരും.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ജലനിധി ഓഫിസിന്റെ കീഴിലാണു വിവിധ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇവിടെയുള്ള വാട്ടര്‍ അതോറിറ്റി സ്‌പെഷല്‍ ഉദ്യോഗസ്ഥനായ ഹൈഡ്രോ ജിയോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് കിണറുകള്‍ നിര്‍മിക്കുന്നത്. ഇതുപ്രകാരമാണ് കിണറിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടനത്തിനു മുന്‍പുതന്നെ വെള്ളത്തിന്റെ ലഭ്യത പരിശോധിക്കാനായി കിണറ്റില്‍നിന്നു വെള്ളം പമ്പ് ചെയ്തിരുന്നു. വെള്ളം താഴ്ന്നതോടെ അടിഭാഗത്തുള്ള മണ്ണ് നീങ്ങിയതാവാം കിണര്‍ താഴാന്‍ ഇടയായതെന്ന് ജലനിധി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്നലെ മലപ്പുറത്തുനിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വേനല്‍ക്കാലത്ത് കിണറുകള്‍ താഴ്ന്നുപോകുന്നത് അപൂര്‍വ സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. ആറര ലക്ഷത്തോളം രൂപ എസ്റ്റിമേറ്റില്‍ പൂര്‍ത്തിയാക്കിയ കിണര്‍ താഴ്ന്നു പോകാനുള്ള സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."