പൈങ്ങോട്ടുപുറം മൂലത്തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍
കുന്ദമംഗലം: കുറ്റിക്കാട്ടൂര്‍-കോട്ടാംപറമ്പ് റോഡരികില്‍ പൈങ്ങോട്ടുപുറം എ.എല്‍.പി സ്‌കൂളിനടുത്ത് മൂലത്തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി.
പ്രദേശത്തിന്റെ ഏക ആശ്രയമായ ജലസ്രോതസില്‍ കഴിഞ്ഞദിവസം രാത്രിയാണ് മാലിന്യം തള്ളിയത്. ഈയിടെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മൂലത്തോട് ശുചീകരിച്ചിരുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി കോയയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും മെഡിക്കല്‍ കോളജ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലം സന്ദര്‍ശിച്ചു.
കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ തോട്ടില്‍ തടയണ കെട്ടുകയും തോടിനോടു ചേര്‍ന്ന നീര്‍ത്തടത്തില്‍ കുടിവെള്ള പദ്ധതി സ്ഥാപിക്കുകയും ചെയ്യാന്‍ ശ്രമം നടക്കുന്നതി നിടെയാണ് മാലിന്യ നിക്ഷേപിക്കപ്പെട്ടത്. പൊലിസ് അന്വേഷണം ആരംഭിച്ചു. കുറ്റിക്കാട്ടൂര്‍ കനറാ ബാങ്കിന്റെ സി.സി.ടി.വിയില്‍ ടാങ്കര്‍ലോറി പൈങ്ങോട്ടുപുറം ഭാഗത്തേക്കു തിരിയുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ഇത് അന്വേഷണ വിധേയമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സമീപത്തു താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ തങ്ങളുടെ കിണറുകളില്‍ മലിനജലം കിനിഞ്ഞിറങ്ങുമോയെന്ന ആശങ്കയിലുമാണ്. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവമെന്നു കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."