ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ഒന്നു മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം
ചേര്‍ത്തല: ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഒന്നു മുതല്‍ പ്ലാസ്റ്റിക് നിയന്ത്രിത ഗ്രാമപഞ്ചായത്തായി മാറ്റുമെന്ന് പ്രസിഡന്റ് വി.എ സേതുലക്ഷ്മി, സെക്രട്ടറി പി.പി ഉദയസിംഹന്‍ എന്നിവര്‍ അറിയിച്ചു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഈ വര്‍ഷത്തെ അര്‍ത്തുങ്കല്‍ പള്ളി തിരുനാള്‍ പ്ലാസ്റ്റിക് നിയന്ത്രിത പെരുന്നാള്‍ ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ ജനുവരി ഒന്നു മതല്‍ നടപ്പിലാക്കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. 50 മൈക്രോണില്‍ താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ക്യാരി ബാഗുകളും നിരോധിക്കും. ഇതിനു മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പഞ്ചായത്തില്‍ നിന്നും പ്രത്യേക രജിസ്‌ട്രേഷന്‍ എടുത്ത വ്യാപാരികള്‍ക്കു മാത്രമെ വിതരണം ചെയ്യാന്‍ അനുവദിക്കു.
ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ എടുക്കുന്ന വ്യാപാരികള്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഫീസ് പഞ്ചായത്തിനു നല്‍കേണ്ടതും ക്യാരിബാഗുകള്‍ വില ഈടാക്കിമാത്രം പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടതുമാണ്. നല്‍കുന്ന ക്യാരിബാഗുകള്‍ ഉല്‍പാദകരുടെ വിവരങ്ങളും മൈക്കോണ്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കണം. രജിസ്‌ട്രേഷന്‍ ഇല്ലാതെ ക്യാരിബാഗുകള്‍ വിതരണം ചെയ്യുന്നവരില്‍ നിന്നും 5000 രൂപ പിഴ ഈടാക്കുന്നതും തുടര്‍ന്നു കുറ്റം ചെയ്താല്‍ 10000 രൂപ പിഴയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുക ഉള്‍പ്പടെയുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നതാണ്.
കൂടാതെ നിരോധിക്കപ്പെട്ട ക്യാരിബാഗുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും തുറസ്ഥായ സ്ഥലങ്ങളില്‍ കത്തിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും.മനുഷ്യന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയില്‍ പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്നും കഴിവതും തുണിസഞ്ചികള്‍ ഉപയോഗിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി സോമന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ മേരി, പഞ്ചായത്തംഗം ബി സലിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."