ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തി' പദ്ധതി ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
തൊടുപുഴ: മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്ന് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപം നല്‍കിയ ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തി' പദ്ധതി ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ജില്ലാതല സമിതികളുടെ ആദ്യയോഗം ഇന്ന് ഉച്ചക്ക് 12 ന് കലക്ടറേറ്റില്‍ ചേരുന്നു.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപഭോഗത്തിനെതിരേ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനും ബഹുജന പങ്കാളിത്തത്തോടുകൂടിയാണ് വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്.സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, സ്‌കൂള്‍-കോളജ്തല ലഹരിവിരുദ്ധ ക്ലബുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജ്ജന സമിതികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി-യുവജന മഹിളാ സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടുകൂടി ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുകയാണ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ജില്ലാതല കമ്മിറ്റിയില്‍ നഗരസഭാ അധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സമിതിയുടെ വൈസ് ചെയര്‍മാന്‍മാര്‍ ആയിരിക്കും. ജില്ലാ കലക്ടറാണ് കണ്‍വീനര്‍. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജോയിന്റ് കണ്‍വീനറും വിമുക്തി ജില്ലാ മിഷന്‍ ഓഫിസര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായിരിക്കും.
ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലാ പൊലിസ് മേധാവി, ജില്ലാ ഗവ. പ്ലീഡര്‍, ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, പബ്ലിക് റിലേഷന്‍സ്, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, സാംസ്‌കാരികം, ഫിഷറീസ്, ടൂറിസം, കുടുംബശ്രീ, കലാ- സാംസ്‌കാരിക-മാധ്യമ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി, യുവജന, മഹിള ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരാണ് ജില്ലാതല സമിതി അംഗങ്ങള്‍.
തദ്ദേശഭരണ സ്ഥാപന തലത്തില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് അധ്യക്ഷനായിരിക്കും. സെക്രട്ടറി കണ്‍വീനറും, വാര്‍ഡ് അംഗങ്ങള്‍, സ്ഥാപനത്തിലെ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്‌കൂള്‍-കോളജ് തലവന്‍മാര്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകള്‍, കലാസമിതികള്‍, ഗ്രന്ഥശാല ഭാരവാഹികള്‍, വിദ്യാര്‍ഥി യുവജന, മഹിളാപ്രതിനിധികള്‍, എക്‌സൈസ്, പൊലിസ്, സ്റ്റുഡന്റ് പൊലിസ് പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ജില്ലയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനും അവലോകനത്തിനും കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനാണ് ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."