അന്തര്‍സംസ്ഥാന മോഷ്ടാവ് തിരുവല്ലക്കടുത്ത് കവിയൂരില്‍ പിടിയില്‍
ചാലക്കുടി: നിരവധി ഭവനഭേദന കേസ്സുകളിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് നെട്രച്ചിറ നസ്സീമിനെ കൊരട്ടി പൊലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സജിന മന്‍സിലില്‍ നസീമിനെ(47) തിരുവല്ലക്കടുത്ത് കവിയൂരില്‍ നിന്നാണ് ചാലക്കുടി സി.ഐ എം.കെ കൃഷ്ണനും കൊരട്ടി എസ്.ഐ എം.ജെ ജിജോയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദേശപ്രകാരം തമിഴ്‌നാട്, കേരളത്തിലെ തെക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. 20ാം വയസ്സില്‍ നെടുമങ്ങാട് നിന്നും തിരുവല്ലയിലെത്തി സ്വന്തമായി ജ്വല്ലറി തുടങ്ങുകയും തുടര്‍ന്ന് മോഷണ മുതലുകള്‍ വാങ്ങിയതിനെ തുടര്‍ന്ന് പിടിയിലാവുകയും അതിനുശേഷം കുപ്രസിദ്ധ മോഷ്ടാവ് മുരുകനുമൊത്ത് ഭവനഭേദനം തൊഴിലാക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 2007ല്‍ കൊരട്ടി കിന്‍ഫ്രക്ക് അടുത്ത് വാലയില്‍ വീട്ടില്‍ ജോയിയുടെ വീട്ടില്‍ നിന്നും അലമാര തകര്‍ത്ത് 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതിനും കൊരട്ടി കുലയിടത്ത് വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ ഒന്നരപവന്‍ സ്വര്‍ണമാല കവര്‍ന്നതിനും ഇയാള്‍ക്കെതിരെ കൊരട്ടി പൊലിസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. മുവ്വാറ്റുപുഴ അരക്കുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയുടെ ആഭരണങ്ങള്‍ കവര്‍ന്നതിനും ബാത്ത് റൂമിന്റെ വെന്റിലേറ്ററുകള്‍ തകര്‍ത്ത് ബഡ്‌റൂമില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ താലിമാല കവര്‍ന്നതിനും ജനലിലൂടെ കൈയ്യിട്ട് ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ മാലകള്‍ അപഹരിച്ചതിനും ഇയാള്‍ക്കെതിരെ മൂവ്വാറ്റുപുഴ പൊലിസ് സ്റ്റേഷനില്‍ കേസുണ്ട്. ഈ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിട്ടുള്ള ഇയാള്‍ 2007ല്‍ കോടനാട് ഓടപ്പിള്ളിയിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ വാതില്‍ തകര്‍ത്ത് അലമാരിയില്‍ സൂക്ഷിച്ചിരുന്ന നാല് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്നിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ചെങ്ങന്നൂര്‍, പാമ്പാടി, കുറുപ്പംപടി, ആലുവ, അങ്കമാലി തുടങ്ങിയ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്തിയ വസ്തുക്കള്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തുകയാണ് പതിവ്. അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ സതീശന്‍ മടപ്പാട്ടില്‍, വി.എസ് അജിത് കുമാര്‍, വി.യു സില്‍ജോ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."