ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍; സന്തോഷ് ട്രോഫി അഞ്ച് മുതല്‍
കോഴിക്കോട്: സന്തോഷ് ട്രോഫിക്കായുള്ള ഒരുക്കങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ അന്തിമഘട്ടത്തില്‍. ഗാലറിയിലെ മിനുക്കു പണികള്‍, വി. ഐ. പി പവലിയന്‍ നവീകരണം, ഗ്രൗണ്ടിന് സമീപം വൃത്തിയാക്കല്‍ എന്നീ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഗ്രൗണ്ട് ഒരുക്കുന്ന ജോലികളും ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ട്. ദക്ഷിണ മേഖലാ യോഗ്യതാമത്സരങ്ങള്‍ ജനുവരി അഞ്ച് മുതല്‍ 10 വരെയാണ് നടക്കുക. സേഠ് നാഗ്ജി ഇന്റര്‍ാനാഷണല്‍ ഫുട്‌ബോളിന് ശേഷം ആദ്യമായാണ് വലിയൊരു ടൂര്‍ണമെന്റിന് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്.
ഇതിനു മുമ്പ് 2005 നവംബറിലായിരുന്നു സന്തോഷ് ട്രോഫി മത്സരങ്ങള്‍ കോഴിക്കോട്ട് നടന്നത്. കേരളം, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി ടീമുകള്‍ എ ഗ്രൂപ്പിലും തമിഴ്‌നാട്, സര്‍വിസസ്, തെലങ്കാന, ലക്ഷദ്വീപ് ടീമുകള്‍ ബി ഗ്രൂപ്പിലുമാണ്.
ഉച്ചക്ക് 2.30നും വൈകിട്ട് 4.30നുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. മത്സരത്തിനെത്തുന്ന ടീമുകള്‍ക്ക് പരിശീലനം നടത്തുന്നതിനായി മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയം, ദേവഗിരി കോളജ് ഗ്രൗണ്ട്, ഫറോക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവ ഉപയോഗപ്പെടുത്തും.
മത്സരത്തില്‍ കേരളത്തിന് കാര്യമായ മുന്നേറ്റമുണ്ടായാല്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങളും കോഴിക്കോട് തന്നെ നടക്കുമെന്നാണ് പ്രതീക്ഷ.
കാണികള്‍ക്ക് സൗജന്യ പ്രവേശനമാണ് അനുവദിച്ചിട്ടുള്ളത്. ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും. മികച്ച യുവനിരയുമായെത്തുന്ന കേരളം ഇത്തവണ ശക്തമായ നിലയില്‍ തന്നെയാണ്. വി. പി ഷാജിയുടെ കീഴിലാണ് ടീം പരിശീലനം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റ് കളിച്ച എട്ടുപേരും ടീമിലുണ്ട്. ഒന്‍പതു പേര്‍ 19 വയസിനു താഴെയുള്ളവരാണ്.
ഒരു മാസം മുന്‍പേ തിരുവനന്തപുരത്ത് തുടങ്ങിയ ക്യാംപ് ഇപ്പോള്‍ കോഴിക്കോടാണ് നടക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."