സംഘ്പരിവാര്‍ പ്രവര്‍ത്തന രീതി മാറ്റുന്നു
പാലക്കാട്: ദലിത്-പിന്നോക്കവിഭാഗങ്ങള്‍ പരിവാര്സംഘടനകളുമായി അകലുന്നുവെന്ന തിരിച്ചറിവില്‍ പ്രവര്‍ത്തനരീതികളും പദ്ധതികളും മാറ്റുന്നു. കേരളത്തില്‍ അല്‍പ്പമെങ്കിലും സഹകരിച്ചിരുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേകം പാക്കേജുകള്‍ തയാറാക്കി നടപ്പാക്കാനൊരുങ്ങുകയാണ് അവര്‍.
ആദിവാസി മേഖലയില്‍ സൗജന്യ ഭവന പദ്ധതി നടപ്പാക്കാനാണ് ഒരു തീരുമാനം. അട്ടപ്പാടിയിലാണ് പൈലറ്റ് പദ്ധതി. പദ്ധതിക്കായി മൂന്നരക്കോടി രൂപ വി.എച്ച്.പി സംസ്ഥാനഘടകത്തിന് കേന്ദ്രനേതൃത്വം ഇതിനകം നല്‍കിക്കഴിഞ്ഞു. അഡ്വാന്‍സ് തുകയായി ഒരുകോടി രൂപ സംസ്ഥാന ഘടകം പാലക്കാട് ഘടകത്തിനും എത്തിച്ചു.
ഒരുവീടിന് മൂന്നരലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. വിവിധ പദ്ധതികളുടെ ഭാഗമായി ആദിവാസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്നതോ നല്‍കിയിട്ടുള്ളതോ ആയ വീടുകളേക്കാള്‍ സൗകര്യങ്ങളുള്ളവയാണ് ഇവര്‍ നിര്‍മിച്ചുനല്‍കുക. വീടുള്ളവര്‍ക്കും പുതിയ വീട് വച്ച് നല്‍കും. പുതിയത് ആവശ്യമില്ലാത്തവര്‍ക്ക് ഉള്ള വീടുകള്‍ നവീകരിച്ചുകൊടുക്കും.
എന്നാല്‍ നിര്‍മാണച്ചുമതലയും വി.എച്ച്.പിക്കു തന്നെയായിരിക്കും. തുക ഗുണഭോക്താവിന് നല്‍കില്ല. നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും സംഘടന പ്രാദേശിക നേതാക്കള്‍ നേതൃപരമായ സാന്നിധ്യമറിയിക്കും. സജീവപ്രവര്‍ത്തകര്‍ നിര്‍മാണത്തില്‍ പങ്കാളികളാകും. പ്രവൃത്തി തീരുമ്പോഴേക്കും കുടുംബവുമായി ആത്മബന്ധം ഉണ്ടാക്കേണ്ട ചുമതല പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടെന്ന് കേന്ദ്രം സംസ്ഥാന ഘടകത്തിനയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഗോമാംസ വിവാദം പരിവാര്‍സംഘടനകളും പിന്നോക്കവിഭാഗങ്ങളും തമ്മില്‍ ഉണ്ടായിട്ടുള്ള വിടവ് ചെറുതല്ലെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്.
എന്തെങ്കിലുമൊരു വിഷയം വൈകാരികമായി ആളിക്കത്തിച്ചാല്‍ മാത്രമാണ് ദലിത് വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സംഘപരിവാറുമായി സഹകരിക്കുന്നുമുള്ളൂ.
ഈ പോരായ്മ മറികടക്കാനാണ് സ്ഥായിയായ സൗഹൃദം സൂക്ഷിക്കുന്ന തരത്തില്‍ നേതൃത്വം പദ്ധതികള്‍ നടപ്പാക്കുന്നത്. അട്ടപ്പാടിയിലെ ഭവനപദ്ധതിയുടെ ആദ്യ തറക്കല്ലിടല്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വി.എച്ച്.പി പാലക്കാട് ജില്ലാ ഘടകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."