സര്‍ക്കാരിന്റ പരാജയം തുന്നുകാട്ടുന്നതില്‍ പ്രതിപക്ഷത്തിന് വീഴ്ച സംഭവിച്ചു: അഡ്വ. ശംസുദ്ധീന്‍ എം.എല്‍.എ
ദോഹ: കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പരാജയം തുറന്ന് കാട്ടുന്നതില്‍ പ്രതിപക്ഷത്തിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നത് ശരിയാണെന്നു മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍ ഷംസുദ്ദീന്‍. എന്നാല്‍, നോട്ട് നിരോധനത്തിലേക്ക് പ്രതിഷേധത്തിന്റെ ശ്രദ്ധ തിരിഞ്ഞത് മൂലമാണ് പിണറായി സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. താനൂര്‍ മണ്ഡലം കെഎംസിസി ഹിലാലിലെ കെഎംസിസി ഹാളില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പ്രതിപക്ഷം ഐക്യത്തോടെ മുന്നോട്ട് പോകേണ്ട സമയത്ത് കോണ്‍ഗ്രസിനകത്ത് നടക്കുന്ന വിഴുപ്പലക്കല്‍ സങ്കടകരമാണെന്ന് ശംസുദ്ദീന്‍ ചൂണ്ടിക്കാട്ടി. കെ മുരളീധരന്‍ എം.എല്‍.എയുടെ അഭിപ്രായത്തെ ലീഗ് പോസിറ്റീവായാണ് കാണുന്നത്. എന്നാല്‍, അഭിപ്രായ പ്രകടനങ്ങള്‍ വ്യക്തിഹത്യയിലേക്ക് നീങ്ങുന്നത് ശരിയല്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഏഴ് മാസം തികയുന്നതേയുള്ളൂ. ഒരു സര്‍ക്കാരിന്റെ തുടക്ക കാലഘട്ടം എന്ന നിലയില്‍ മൂന്നോ നാലോ മാസം അവര്‍ക്ക് സമയപരിധി നല്‍കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍, ആറു മാസത്തിന് ശേഷവും പിണറായി സര്‍ക്കാര്‍ എല്ലാ വിഷയങ്ങളിലും ജനവിരുദ്ധ സമീപനങ്ങളാണ് സ്വീകരിച്ചു വരുന്നത്. അതിനെതിരെ യു.ഡി.എഫ് ശക്തമായ സമരപരിപാടികളും മറ്റും നടത്താനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. അതോടെ ശ്രദ്ധ അങ്ങോട്ടു തിരിയുകയായിരുന്നു.
മുസ്്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് ലീഗിന് ചില പരിമിതികളുണ്ട്. മതേതര ചേരിയെ കൂടെ നിര്‍ത്തുന്ന രീതിയില്‍ സമചിത്തതയോട് കൂടി മാത്രമേ ലീഗിന് പ്രതികരിക്കാനാവൂ എന്ന് അതു സംബന്ധമായ ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. യു.എ.പി.എ പോലുള്ള നിയമങ്ങളിലെ വകുപ്പുകള്‍ മനുഷ്യത്വവിരുദ്ധമാണ്. ലീഗ് എന്നും അത്തരം നിയമങ്ങള്‍ക്കെതിരായിരുന്നുവന്നും ശംസുദ്ദീന്‍ അവകാശപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെഎംസിസി ജില്ലാ, മണ്ഡലം നേതാക്കളായ കെ മുഹമ്മദ് ഈസ, അബ്ദുല്‍ അസീസ് കരിങ്കപ്പാറ, എ സി കെ മൂസ താനാളൂര്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ജബ്ബാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."