കേന്ദ്ര സര്‍ക്കാറിനെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധിയുള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയാറെടുക്കുന്നു.
രണ്ടുകാര്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ മോദിയുടെ അഴിമതി, നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായിട്ടുള്ള പ്രതിസന്ധി എന്നിവ ഉന്നയിച്ചാണ് സമരത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.
ജനുവരി ആറിനാണ് സമരം തുടങ്ങുകയെന്നും അദ്ദേഹം അറിയിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടാണ് സമരം നടത്തുക. ഒന്നാം ഘട്ട സമരം ജനുവരി ആറിന് തുടങ്ങും.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി സഹാറ ഗ്രൂപ്പില്‍ നിന്ന് കോഴവാങ്ങിയോ, വാങ്ങിയിട്ടില്ലായെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകുന്നില്ലായെന്ന് സുര്‍ജെവാല ചോദിച്ചു. 13,860 കോടി രൂപയുടെ കള്ളപ്പണം സംബന്ധിച്ച് വിവരം നല്‍കിയ മഹേഷ് ഷായ്ക്ക് മോദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഗുജറാത്തിലെ ബി.ജെ.പി നേതാവായ സുരേഷ് മേത്ത അറിയിച്ചിട്ടുണ്ട്. മഹേഷ് ഷാ വെളിപ്പെടുത്തിയ കോടികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ എന്തുകൊണ്ട് മോദി തയാറാകുന്നില്ല.
നോട്ട് നിരോധനത്തെതുടര്‍ന്ന് രാജ്യത്ത് 115 പേര്‍ മരിച്ചിട്ടുണ്ട്. എല്ലാം ശരിയാകാന്‍ 50 ദിവസം മാത്രം മതിയെന്നു പറഞ്ഞ ആര്‍.ബി.ഐ 135 തവണയാണ് തീരുമാനങ്ങള്‍ മാറ്റിയത്. ഇതോടെ ആര്‍.ബി.ഐ എന്നത് റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ എന്നായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യു.പിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് മൂന്ന് കോടി രൂപയെത്തിച്ചു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലേക്ക് മൂന്ന് കോടി രൂപ പണമായി എത്തിച്ചതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല. നോട്ട് നിരോധിച്ച നടപടിയില്‍ മോദിക്കെതിരേ ശക്തമായ ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് പണമെത്തിച്ച കാര്യം രേഖകള്‍ സഹിതമാണ് വെളിപ്പെടുത്തിയത്.
ചായയുടെ കാര്യത്തില്‍പോലും കറന്‍സി രഹിത ഇടപാടിനെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പിയും എന്തുകൊണ്ടാണ് യു.പിയിലെ തങ്ങളുടെ പാര്‍ട്ടി ഓഫിസിലേക്ക് മൂന്ന് കോടി രൂപ എത്തിച്ചതെന്ന് സുര്‍ജെവാല ചോദിച്ചു.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ കത്തുമായാണ് ബി.ജെ.പി നേതാവ് പണം കൊണ്ടുവന്നത്. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നിന്ന് ലക്‌നൊവിലെ ഓഫിസിലേക്ക് പണം കൊണ്ടുവന്നത് അശോക് മോംഗെയാണെന്നും സുര്‍ജെവാല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."