'പറഞ്ഞതൊന്നും മറന്നിട്ടില്ല'; ജനം അങ്ങനെ മറക്കില്ല
''എനിക്ക് 50 ദിവസം തരൂ. അതോടെ ഈ ശുദ്ധീകരണത്തില്‍ നാം വിജയിക്കും. എന്റെ പ്രവൃത്തിയില്‍ തെറ്റു കണ്ടെത്തിയാല്‍ പരസ്യമായി തൂക്കിലേറ്റൂ''- സ്വന്തം പണത്തിനായി ക്യൂവില്‍ നില്‍ക്കുന്ന 125 കോടി ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. അതെ, ഇന്നേക്ക് ആ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പക്ഷെ, പണപ്രതിസന്ധിയുടെ കാര്യമെങ്ങനെ. മോദിയുടെ പ്രഖ്യാപനങ്ങളിലൂടെയും വാക്കുകളിലൂടെയും ഒരു തിരിച്ചുപോക്ക് നടത്തുകയാണിവിടെ. മോദി തന്നെ പറഞ്ഞതുപോലെ, പറഞ്ഞതൊന്നും മറന്നിട്ടില്ല.
നവംബര്‍ 8
നവംബര്‍ എട്ടിന് രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിപ്പിച്ചു കൊണ്ട് ആ പ്രഖ്യാപനം നടത്തുന്നത്. ഉയര്‍ന്ന മൂല്യമുള്ള 1000, 500 നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്നായിരുന്നു അത്. ടി.വി ചാനലിലൂടെയായിരുന്നു അഭിസംബോധന.
രാജ്യത്ത് 500, 1000 കറന്‍സി നോട്ടുകളുടെ ക്രയവിക്രയം മരവിപ്പിച്ചു
നവംബര്‍ 11
പ്രഖ്യാപനം നടത്തി മോദി നേരെ ജപ്പാനിലേക്ക് സന്ദര്‍ശനത്തിനായി പോയി. ബാക്കി വിശദീകരണം അവിടെ നിന്നായിരുന്നു.
ഇന്ത്യയെ തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം: മോദി
നവംബര്‍ 12
ആദ്യദിനങ്ങളില്‍ ജനം ക്ഷമിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശരിയാവുമെന്നു കരുതി. പക്ഷെ, പിന്നെ വലിയ പ്രതിസന്ധിയാണ് ജനം മുന്നില്‍ കണ്ടത്. ജപ്പാനില്‍ നിന്നു തന്നെ മോദിയുടെ അടുത്ത അടവു പ്രസംഗമെത്തി. ഇത്രയും വലിയ തീരുമാനത്തിനു പിന്നില്‍ ഒന്നിച്ചു നിന്ന ഇന്ത്യന്‍ ജനതയ്ക്ക് താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നായിരുന്നു നവംബര്‍ 12ന് പറഞ്ഞത്.
രാജ്യത്തിനു വേണ്ടി ജനങ്ങള്‍ ത്യാഗമാണ് ചെയ്യുന്നത്, അവര്‍ക്ക് എന്റെ സല്യൂട്ട്: മോദി
നവംബര്‍ 13
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മോദി ഇന്ത്യയില്‍ എത്തിയ ദിവസം. ഗോവയിലെ പരിപാടിയില്‍ മോദി രാജ്യത്തിനു വേണ്ടി കരഞ്ഞു. രാജ്യത്തിനു വേണ്ടി കുടുംബവും നാടും വീടും ത്യജിച്ചവനാണ് താനെന്നും ഡിസംബര്‍ 30നു ശേഷവും പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറെന്നും പ്രഖ്യാപിച്ചു കളഞ്ഞു.
പരാജയപ്പെട്ടാല്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് മോദി
നവംബര്‍ 14
പ്രതിസന്ധി രൂക്ഷമായിത്തുടങ്ങി. മോദിയുടെ പ്രസംഗം തുടര്‍ന്നു കൊണ്ടേയിരുന്നു. നോട്ട് അസാധുവാക്കിയ തീരുമാനം തന്റെ ചായ പോലെ കടുപ്പമേറിയതാണെന്നായിരുന്നു തീരുമാനം പിന്‍വലിക്കില്ലെന്നറിയിച്ച് പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇതു പറഞ്ഞത്.
അന്നുതന്നെ ഡല്‍ഹിയില്‍ നടന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തിലും തീരുമാനം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.
തീരുമാനം എന്റെ ചായ പോലെ കടുപ്പമേറിയത്: മോദി
നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം മരവിപ്പിക്കില്ലെന്നു പ്രധാനമന്ത്രി
നവംബര്‍ 16
മോദിക്കറിയാമായിരുന്നു ശീതകാല പാര്‍ലമെന്റ് സമ്മേളനം അലങ്കോലമാവുമെന്ന്. ഇതു മുന്നില്‍കണ്ട് സമ്മേളത്തിനു മുന്‍പേ ജാമ്യമെടുത്തു. തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
നോട്ട് നിരോധനം: തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍, പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി
നവംബര്‍ 20
പിന്നീടുള്ള മോദിയുടെ പ്രസംഗങ്ങളെല്ലാം നോട്ട് വിഷയം പരാമര്‍ശിക്കാതെ പോയില്ല. ആഗ്രയില്‍ നടന്ന പരിപാടിയില്‍ അഗ്നി പരീക്ഷയ്‌ക്കൊടുവില്‍ രാജ്യം വിജയിക്കുമെന്ന് പറഞ്ഞു. പ്രതിസന്ധി രൂക്ഷമാവുകയും ആളുകള്‍ ക്യൂവില്‍ നിന്ന് മരിച്ചുവീഴുകയും ചെയ്യാന്‍ തുടങ്ങിയ സമയത്തായിരുന്നു ഇത്.
നവംബര്‍ 22
നോട്ട് നിരോധനത്തില്‍ ജനഹിതമറിയാന്‍ സര്‍വേ നടത്തുമെന്ന് മോദി ട്വിറ്ററില്‍ പ്രഖ്യാപിച്ചു. ആപ്പിലൂടെയാണ് സര്‍വേ നടത്തുകയെന്നും അറിയിച്ചു. ദിനപത്രങ്ങള്‍ നോക്കിയാല്‍ മാത്രം ജനഹിതം കൃത്യമായി അറിയാമായിരുന്നിട്ടും മോദി ആപ്പിലൂടെ ജനഹിതം തേടി. അനുകൂലിക്കുന്ന രീതിയില്‍ മാത്രം ഉത്തരം നല്‍കാനാവും വിധത്തിലായിരുന്നു ചോദ്യത്തിന്റെയും ഉത്തര ചോയിസിന്റെയും ക്രമീകരണം. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസത്തിനിരയായി.
നോട്ട് നിരോധനം: ജനഹിതമറിയാന്‍ സര്‍വേ നടത്തുമെന്ന് പ്രധാനമന്ത്രി
നവംബര്‍ 25
വിമര്‍ശനം വരുമ്പോഴൊക്കെ അവരെ പരിഹസിച്ചും കുറ്റപ്പെടുത്തിയുമാണ് മോദി ഒഴിഞ്ഞുമാറിയത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ വിമര്‍ശനങ്ങള്‍ വളച്ചൊടിക്കുന്നതില്‍ മിടുക്കു കാണിച്ചു. തീരുമാനത്തെ എതിര്‍ക്കുന്നവരുടെ പ്രധാനപ്രശ്‌നം അവര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കാത്തതാണെന്ന് മോദി പറഞ്ഞു.
പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുകയാണെങ്കിലും അവിടെ ഹാജരാകാതെ പുറത്തു തന്നെയാണ് മോദിയുടെ വാചകക്കസര്‍ത്ത്. പുറത്തു പറയുന്ന കാര്യങ്ങള്‍ സഭയില്‍ പറയാന്‍ മോദി എത്താത്തതില്‍ പ്രതിപക്ഷം ബഹളം ശക്തമാക്കി. സഭ ഒരു ദിനം പോലും നടപടികള്‍ പൂര്‍ത്തിയാക്കിയില്ല.
നോട്ട് നിരോധനം: വിമര്‍ശകരുടെ പ്രശ്‌നം കള്ളപ്പണം വെളുപ്പിക്കാന്‍ സമയം കിട്ടാത്തതാണെന്ന് മോദി
നവംബര്‍ 27
നോട്ട് നിരോധനത്തിന്റെ പേരിലും രാജ്യസ്‌നേഹവും ത്യാഗവും ഇടയ്ക്കിടെ കടന്നുവന്നു. മോദി തന്നെയാണ് അതിനു തിരികൊളുത്തിയിരുന്നത്. മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍, ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും രാജ്യതാല്‍പര്യത്തിനു വേണ്ടിയാണിതെന്നും മോദി പറഞ്ഞു. പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും ആവര്‍ത്തിച്ചു.
നോട്ട് നിരോധനം; ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി
നവംബര്‍ 27
പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്തപ്പോള്‍ മോദി അടുത്ത ചോദ്യവുമായി വന്നു. നമ്മള്‍ അഴിമതി അവസാനിപ്പിക്കണോ, അതോ രാജ്യം സംതഭിപ്പിക്കണോ എന്നതായിരുന്നു അത്.
നമ്മള്‍ അഴിമതി അവസാനിപ്പിക്കണോ, അതോ രാജ്യം സ്തംഭിപ്പിക്കണോ: പ്രധാനമന്ത്രി
നവംബര്‍ 29
തങ്ങള്‍ കളങ്കിതരല്ലെന്നും മറ്റുള്ളവരാണ് അഴിമതിക്കാരെന്നും വരുത്തിത്തീര്‍ക്കാനും മോദി ശ്രമം നടത്തിക്കൊണ്ടിരുന്നു. ബി.ജെ.പി ജനപ്രതിനിധികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നായിരുന്നു മോദി പറഞ്ഞത്.
ബി.ജെ.പി ജനപ്രതിനിധികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് മോദി
ഡിസംബര്‍ 3
രാജ്യം കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങി. നോട്ട് നിരോധനം വരുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയൊരു മുന്നേറ്റത്തിനു സഹായിക്കുമെന്നാണ് മോദിയും ബി.ജെ.പിയും കണക്കുകൂട്ടിയതെങ്കിലും നേരെ തിരിച്ചാണ് സംഭവക്കുന്നതെന്നു മനസ്സിലായി. റാലികളില്‍ സംബന്ധിച്ച് പ്രസംഗിക്കുമ്പോഴൊക്കെ മോദി നോട്ട് വിഷയം പരാമര്‍ശിക്കേണ്ടിയും വന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന റാലിയില്‍ ജനങ്ങളാണ് തന്റെ ഹൈക്കമാന്റെന്ന് പറഞ്ഞു.
ഡിസംബര്‍ 8
ജനങ്ങള്‍ വേദന സഹിക്കുന്നത് രാജ്യത്തിനു വേണ്ടിയാണെന്ന് വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു. ഹ്രസ്വകാല വേദന ദീര്‍ഘകാല നേട്ടമുണ്ടാക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ത്യാഗത്തെ സല്യൂട്ട് ചെയ്യുന്നതായി ഒരിക്കല്‍ കൂടി പറഞ്ഞു.
പിന്‍വലിച്ച നോട്ടുകളെല്ലാം ബാങ്കുകളിലെത്തുമെന്നു കണ്ടപ്പോള്‍ നിലപാടില്‍ മാറ്റം വന്നുതുടങ്ങി. കള്ളപ്പണമായിരുന്നു മുന്‍പത്തെ ലക്ഷ്യമെങ്കില്‍ ഇപ്പോഴത് 'കാഷ്‌ലെസ്സ് ഇന്ത്യ'യായി മാറിയിരിക്കുന്നു.
ഹ്രസ്വകാല വേദന ദീര്‍ഘകാല നേട്ടമുണ്ടാക്കും; നോട്ട് നിരോധനത്തില്‍ ന്യായീകരണവുമായി മോദി
ഡിസംബര്‍ 10
പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നായി മോദി. പ്രതിപക്ഷത്തിനെതിരെ എന്തും ഏതു രീതിയിലും വിളിച്ചു പറയാന്‍ മോദി പുറത്തെ വേദികള്‍ തെരഞ്ഞെടുത്തു.
പാര്‍ലമെന്റില്‍ തന്നെ പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാദവുമായി മോദി
ഡിസംബര്‍ 11
നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നു. എന്നാല്‍ സഭയില്‍ എത്താന്‍ പോലും കൂട്ടാക്കാത്ത മോദി പൊതുവേദിയില്‍ കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നു.
വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി
ഡിസംബര്‍ 16
നോട്ട് അസാധുവാക്കിയത് നല്ല തീരുമാനം തന്നെയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്ധിരാഗാന്ധി നടപ്പാക്കേണ്ടതായിരുന്നു നോട്ട് നിരോധനമെന്നും മോദി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ നിര്‍ദേശത്തെ ഇന്ധിരാഗാന്ധി അവഗണിച്ചു; അന്ന് നടപ്പാക്കേണ്ടതായിരുന്നുവെന്ന് മോദി
ഡിസംബര്‍ 24
നോട്ട് നിരോധനം ജനങ്ങളെ വലച്ചിട്ടില്ലെന്ന് ഒരു ഭാഗത്ത് പറയുമ്പോഴും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്ന് മോദി സമ്മതിച്ചു. ദീര്‍ഘകാല നേട്ടത്തിനു വേണ്ടിയുള്ള ഹ്രസ്വകാല വേദനയാണിതെന്ന് മോദി വീണ്ടും പറഞ്ഞു.
നോട്ട് നിരോധനം ദീര്‍ഘകാല നേട്ടത്തിനുവേണ്ടിയുള്ള ഹ്രസ്വകാല വേദന: മോദി
ഡിസംബര്‍ 25
വീണ്ടും മന്‍ കി ബാത്തിലെ പ്രധാന വിഷയം നോട്ട് തന്നെ. സര്‍ക്കാര്‍ ഏറെ പരിഹാസ്യമായ മറ്റൊരു പ്രഖ്യാപനമായിരുന്നു അന്ന്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മോദി
ഡിസംബര്‍ 27
മോദി പറഞ്ഞ കാലാവധി തീരാനിരിക്കേ, പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടിരിക്കുകയാണെന്ന അവകാശവാദവുമായി മോദിയെത്തി. പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കപടവാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല, പറഞ്ഞതെല്ലാം ഓര്‍മയുണ്ട്: നരേന്ദ്രമോദി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."