നോട്ട് നിരോധനം: കാര്‍ ഇടപാടുകള്‍ ഇന്‍കം ടാക്‌സ് പരിശോധിക്കുന്നു
കൊച്ചി: 500, 1000 നോട്ടുകളുടെ നിരോധനം നിലവില്‍വന്ന ശേഷം സംസ്ഥാനത്തു നടന്ന കാര്‍ ഇടപാടുകള്‍ ഇന്‍കം ടാക്‌സ് പരിശോധിക്കുന്നു. രാജ്യത്ത് പ്രീമിയം കാറുകളുടെ വില്‍പനയില്‍ കേരളം മുന്നിലുള്ളതിനാലാണു സംസ്ഥാനത്തും ഇന്‍കം ടാക്‌സ് പരിശോധിക്കുന്നത്.
നോട്ട് നിരോധനത്തിനു ശേഷമുള്ള നവംബര്‍ എട്ടിനു ശേഷമുള്ള ഇടപാടുകളാണു പരിശോധിക്കുന്നത്. കാര്‍ ഡീലര്‍മാര്‍ക്കും ഇതു സംബന്ധിച്ചു നോട്ടിസ് നല്‍കിക്കഴിഞ്ഞു. ഇന്‍വോയ്‌സ് വില, ഓരോ ഇടപാടുകളുടേയും ബുക്കിങ് തീയതി, കാഷ്, ചെക്ക് ഇടപാടുകള്‍ എന്നിവയാണു ഡീലര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡീലര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇന്‍കം ടാക്‌സ് ഇക്കാര്യം വിശദമായി പരിശോധിക്കും. ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയില്‍ പഴയ നോട്ടുകളുടെ മാറ്റം നടന്നുവെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യവും പരിശോധിക്കും. കേരളത്തില്‍ പുതുവാഹനങ്ങള്‍ എടുക്കുന്നവരില്‍ 98 ശതമാനവും വായ്പ തരപ്പെടുത്തിയാണു കാര്‍ വാങ്ങുന്നത്. എന്നാല്‍ നോട്ട് നിരോധിച്ച ശേഷം കാര്‍ വില്‍പനയില്‍ കേരളത്തില്‍ കുറവുണ്ടാവുകയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ പഴയ നോട്ടുകളുടെ കൈമാറ്റം നടന്നിട്ടില്ലെന്നാണു വാഹനഡീലര്‍മാര്‍ പറയുന്നത്. 2015 നവംബറിനെ അപേക്ഷിച്ച് ഈ നവംബറില്‍ അഞ്ചു ശതമാനത്തോളം കാര്‍ വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. യൂസ്ഡ് വാഹനങ്ങളുടെ വില്‍പന പകുതിയോളം കുറഞ്ഞെന്നാണു വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."