ജി.സി.ഡി.എ ചെയര്‍മാന്റെ വസതിയിലെ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട സംഭവം: അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്
കൊച്ചി: ജി.സി.ഡി.എ ചെയര്‍മാന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട സംഭവം വിവാദമാകുന്നു. ചെയര്‍മാനായി ചുമതലയേറ്റ സി.എന്‍ മോഹനന്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ നഷ്ടപ്പെട്ട സാധനങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. മുന്‍ ചെയര്‍മാന്‍ ഉപകരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചതായി ഒപ്പിട്ടു നല്‍കിയതിനാല്‍ അന്വേഷണം നീളുന്നത് ഉദ്യോഗസ്ഥരിലേക്കാണ്. മുന്‍ ചെയര്‍മാന്‍ വേണുഗോപാല്‍ പ്രവേശിച്ചയുടനെ 60 ലക്ഷം രൂപ ചെലവഴിച്ചാണ് ഔദ്യോഗിക വസതി മോടിപിടിപ്പിച്ചത്. ഈ തുകയില്‍ ഉള്‍പ്പെടുത്തി ഫര്‍ണിച്ചറുകളും വാങ്ങിയിരുന്നു. ഇങ്ങനെ വാങ്ങിയ ഫര്‍ണിച്ചറുകളില്‍ പലതും കാണാനില്ല.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് ജി.സി.ഡി.എ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. സി.എന്‍ മോഹനന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണു വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. ഒരു കട്ടില്‍, ഒരു സോഫ, ഒരു മേശ, കസേരകള്‍ ഇതൊഴികെയുള്ള മുഴുവന്‍ വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടു. ഫാനുകളും എ.സികളും അഴിച്ചുകൊണ്ടുപോയി. അടുക്കള പാത്രങ്ങളും നഷ്ടപ്പെട്ടു.
താന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ മുഴുവന്‍ ഫര്‍ണിച്ചറുകളും ഉദ്യോഗസ്ഥരെ തിരികെയേല്‍പ്പിച്ചതായി മുന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് എന്‍ജിനീയരോട് ജി.സി.ഡി.എ സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍ വസതിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."