മനുഷ്യച്ചങ്ങല; ജില്ലയില്‍ പതിനായിരങ്ങള്‍ കൈകോര്‍ത്തു
കോഴിക്കോട്: 'നോട്ട് പ്രതിസന്ധിക്ക് പരിഹാരം കാണുക, സഹകരണ മേഖലയെ സംരക്ഷിക്കുക' മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ജില്ലയില്‍ പതിനായിരങ്ങള്‍ കൈകോര്‍ത്തു. വൈകിട്ട് നാലോടെ തന്നെ ദേശീയ പാതയില്‍ പ്രദേശിക ഘടകങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. നാലരയോടെ റിഹേഴ്‌സല്‍ ആരംഭിച്ചു.
കൃത്യം അഞ്ചിനായിരുന്നു മനുഷ്യച്ചങ്ങല തീര്‍ത്തത്. തുടര്‍ന്ന് പൊതുയോഗവും നടന്നു. മുതലക്കുളത്ത് മനുഷ്യച്ചങ്ങലയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സംഭ്രമിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത രാഷ്ട്രീയ നാടകമാണ് നോട്ട് നിരോധനമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയെ പാകിസ്താനും പാകിസ്താനെ ഇന്ത്യയും പലതവണ അക്രമിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താനെ അക്രമിച്ചതിന്റെ പേരില്‍ ആദ്യമായി ഇന്ത്യയെ അഭിസംബോധന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആളുകളെ സംഭ്രമിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സമാനമായ രീതിയില്‍ ജനങ്ങളെ സംഭ്രമിപ്പിക്കുക മാത്രമായിരുന്നു നോട്ട് നിരോധനം കൊണ്ട് ലക്ഷ്യമിട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.പി എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അധ്യക്ഷനായി. നോട്ട് നിരോധന നടപടിക്കെതിരേ പ്രതികരിച്ച എം.ടി വാസുദേവന്‍ നായരെ അവഹേളിച്ച സംഘ്പരിവാര്‍ അസഹിഷ്ണുതക്കെതിരായ പ്രതിഷേധത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കോളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ പ്രമേയം അവതരിപ്പിച്ചു. ടി.വി ബാലന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, സി.പി.ഐ അസി. സെക്രട്ടറി സത്യന്‍ മൊകേരി, സി.കെ നാണു എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, മോയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മുക്കം മുഹമ്മദ്, അഹമ്മദ് തേവര്‍കോവില്‍, ഇ.പി ദാമോദരന്‍, സി.പി ഹമീദ്, അഡ്വ. പി.എം മുഹമ്മദ് റിയാസ്, പി.ജെ മാത്യു, പ്രൊഫ എ.കെ പ്രേമജം, കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍, പി.സി മുഹമ്മദ്, എം.കെ പ്രേംനാഥ്, സാഹിത്യകാരന്മാരായ കെ.പി രാമനുണ്ണി, ഡോ. ഖദീജാ മുംതാസ്, പി.കെ പാറക്കടവ്, ടി.പി രാജീവന്‍, ഡോ. എ. അച്യുതന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ കോഴിക്കോട് നഗരത്തില്‍ കണ്ണികളായി.
വടകരയില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കണ്ണിയായി
വടകര: മനുഷ്യച്ചങ്ങലയില്‍ മുഖ്യമന്ത്രിയുടെ ഭാര്യ പങ്കാളിയായി. വടകര മുക്കാളിയിലെ ദേശീയപാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല കണ്ണിയായത്. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന മനുഷ്യച്ചങ്ങലയുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. പി. സതീദേവി നിര്‍വഹിച്ചു. കര്‍ഷകസംഘം നേതാവ് ടി.കെ കുഞ്ഞിരാമന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മുതിര്‍ന്ന സി.പി.എം നേതാവ് എം. കേളപ്പന്‍, കെ.പി കുഞ്ഞമ്മദ്കുട്ടി മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."