റൊമാനിയ: ആദ്യ 'മുസ്ലിം പ്രധാനമന്ത്രി'ക്കു പകരം സോറിന് ഗ്രിന്ഡിയാനു
ബുച്ചറസ്റ്റ്: റൊമാനിയയുടെ പുതിയ പ്രധാനമന്ത്രിയായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(പി.എസ്.ഡി)യുടെ സോറിന് ഗ്രിന്ഡിയാനുവിനെ പ്രസിഡന്റ് ക്ലോസ് ഇയോഹാന്നിസ് നിയമിച്ചു. മുസ്ലിം സാമ്പത്തിക വിദഗ്ധയായ സെവില്‍ ശൈദയെ പ്രധാനമന്ത്രിയാക്കാനുള്ള പി.എസ്.ഡിയുടെ നീക്കം പ്രസിഡന്റ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണു പുതിയയാളെ പദവിയിലേക്ക് പ്രസിഡന്റ് നിര്‍ദേശിച്ചത്.
മുന്‍ വാര്‍ത്താവിനിമയ മന്ത്രിയായ ഗ്രിന്ഡിയാനുവിനെ പ്രധാനമന്ത്രിയായി നിശ്ചയിച്ചുള്ള ഔദ്യോഗിക കുറിപ്പില്‍ ക്ലോസ് ഇയോഹാന്നിസ് ഒപ്പുവച്ചു. ഡിസംബര്‍ 11നു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഗ്രിന്ഡിയാനു നിലവില്‍ ഹംഗറിയും സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന ടിമിസ് കൗണ്ടി കൗണ്‍സിലിന്റെ ചെയര്‍മാനാണ്.
ശൈദയെ പദവിയിലേക്കു നിര്‍ദേശിച്ചതിനെ തുടര്‍ന്ന് റൊമാനിയയുടെ ചരിത്രത്തിലാദ്യമായി ഒരു മുസ്ലിമും വനിതയും പ്രധാനമന്ത്രി പദത്തിലെത്തുന്ന വാര്‍ത്ത ലോകമാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. ശൈദയെ നീക്കാനുള്ള നടപടിക്ക് പ്രസിഡന്റ് കാരണമൊന്നും വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, 52കാരിയായ ശൈദയുടെ ഭര്‍ത്താവിന്റെ സിറിയന്‍ കുടുംബ പശ്ചാത്തലമാണു നടപടിക്കു പിന്നിലെന്നാണു കരുതുന്നത്. ഭര്‍ത്താവ് 20 വര്‍ഷത്തോളം സിറിയയിലെ കാര്‍ഷിക മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 2011ലാണ് അദ്ദേഹം റൊമാനിയയിലേക്കു കുടിയേറുന്നതും ശൈദയെ വിവാഹം ചെയ്യുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."