ജില്ലാ ആശുപത്രിയില്‍ കേടുവന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി
മാനന്തവാടി: വിദ്യാര്‍ഥികളുടെ അവധിക്കാല ക്യാംപുകള്‍ സമൂഹത്തിന് ഉപകാരപ്രദമാക്കാന്‍ പുത്തന്‍ ആശയവുമായി രംഗത്തെത്തിയ മാനന്തവാടി എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. പുനര്‍ജ്ജനി എന്ന പേരില്‍ നൂറോളം പേരടങ്ങുന്ന കോളജിലെ സാങ്കേതിക വിഭാഗം വിദ്യാര്‍ഥികളാണ് ജില്ലാ ആശുപത്രിയിലെ കേടായ ഉപകരണങ്ങള്‍ നവീകരിച്ചു കൊണ്ട് മാതൃകാ പ്രവര്‍ത്തനവുമായി മുന്നേറുന്നത്.
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കേടുവന്ന് ഉപകാരപ്രദമല്ലാതെ ഉപേക്ഷിച്ചതും രോഗികള്‍ക്ക് ഉപയോഗിക്കാനാവാതെ പ്രയാസപ്പെടുന്നതുമായ ഉപകരണങ്ങളാണ് വിദ്യാര്‍ഥികള്‍ നന്നാക്കിയത്.
ആശുപത്രിയിലെ രക്തപരിശോധനാ ലാബിലെ സെന്ട്രിഫ്യൂജ്, മൈക്രോസ്‌കോപ്പുകള്‍, സ്ഫിഗ്മോമാനോ മീറ്ററുകള്‍, ഐ.സിയുവിലെ പള്‍സ് ഓക്‌സി മീറ്റര്‍, ഇ.സി.ജി മെഷിന്‍, നെബുലൈസര്‍ എന്നിവയും വിവിധ വാര്‍ഡുകളിലെ കട്ടിലുകള്‍, വീല്‍ചെയറുകള്‍, മെഡിസിന്‍ റാക്ക്, ട്രോളികള്‍ തുടങ്ങിയവയും ഇതിനോടകം നന്നാക്കി പ്രവര്‍ത്തന ക്ഷമമാക്കിക്കഴിഞ്ഞു.
ഈമാസം 23ന് തുടങ്ങിയ സപ്തദിന ക്യാംപ് കഴിയുന്നതോടെ കാല്‍കോടിയോളം രൂപയുടെ ആസ്തികള്‍ ജില്ലാ ആശുപത്രിയില്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
യുവത്വം ആസ്തികളുടെ പുനര്‍ നിര്‍മാണത്തിനായി എന്ന ലക്ഷ്യത്തോടെയാണ് നാഷനല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന വ്യാപകമായി ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുന്നിട്ടിറങ്ങിയത്.
34 ആതുരാലയങ്ങളില്‍ തുടക്കം കുറിച്ച പദ്ധതി പ്രകാരം ജില്ലയില്‍ വൈത്തിരി താലൂക്ക് ആശുപത്രിയും ജില്ലാ ആശുപത്രിയുമാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ആബിദ് തറവെട്ടത്താണ് മാനന്തവാടിയില്‍ നേതൃത്വം നല്‍കി വരുന്നത്. ക്യാംപ് നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."