നോട്ടില്ലാ നെട്ടോട്ടം @ 50 ക്യൂവില്‍ തന്നെ
മലപ്പുറം: നോട്ടുപ്രതിസന്ധിയുടെ അന്‍പതാംദിനത്തിലും പരിഹാരം കാണാതെ അലച്ചില്‍ തുടരുന്നു. പുതിയ അഞ്ഞൂറു രൂപ എത്തിയതറിഞ്ഞു തടിച്ചുകൂടിയവര്‍ക്കെല്ലാം വൈകുന്നേരത്തോടെ നിരാശയായിരുന്നു ഫലം. ജില്ലയില്‍ വ്യാഴാഴ്ചയെത്തിയ അറുപത് കോടി രൂപയില്‍ രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു കൂടുതലും. മുപ്പത് കോടി രൂപയുടെ അഞ്ഞൂറുരൂപ നോട്ടുകളാണ് ഇന്നലെ ആറ് എസ്.ബി.ടി ചെസ്റ്റ് ബാങ്കുകളിലെ എ.ടി.എമ്മുകളിലേക്ക് മാറ്റിയത്. അഞ്ഞൂറിന്റെ നോട്ടുകളെത്തിയതറിഞ്ഞ് വ്യാഴം, വെള്ളി ദിവസങ്ങളിലായി കനത്തതിരക്കായിരുന്നു ഈ ബാങ്കുകളിലെ എ.ടി.എം കൗണ്ടറുകളില്‍ അനുഭവപ്പെട്ടത്. അഞ്ഞൂറു രൂപ ഇന്നലേയും ലഭിച്ചതോടെ മലപ്പുറത്ത് എസ്.ബി.ടി എ.ടി.എമ്മില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. അഞ്ഞൂറു രൂപയെത്തിയതിനാല്‍ 2500 രൂപ പിന്‍വലിക്കാനുള്ള സൗകര്യമായി. അതേസമയം മറ്റു എ.ടി.എം കൗണ്ടറുകള്‍ പതിവുപോലെ ഇന്നലേയും അടഞ്ഞു കിടന്നു.
ദേശസാല്‍കൃത ബാങ്കുകളില്‍ മിക്കയിടത്തും അക്കൗണ്ട് തുക പിന്‍വലിക്കാനെത്തിയവര്‍ക്ക് കഴിഞ്ഞ ദിവസവും രണ്ടായിരം രൂപ നോട്ടുകളാണ് ലഭിച്ചത്. പഴയ നോട്ടു കൈവശമുള്ളവര്‍ക്ക് ബാങ്കിലടക്കേണ്ട അവസാനദിനത്തിലും നോട്ടുമായി നിരവധി പേര്‍ ബാങ്കുകളിലെത്തി. 24,000 രൂപ വരെ വിതരണം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ശാഖകളില്‍ പണം കഴിഞ്ഞതോടെ ക്യൂ നിന്നവര്‍ക്ക് ഇന്നലേയും മടങ്ങേണ്ടിവന്നു. ജില്ലയിലെ 220ലേറെ വരുന്ന ബാങ്കുശാഖകളില്‍ ഇനിയും പ്രതിസന്ധി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."