യുവാവിനെ പൊലിസ് അന്യായമായി മര്‍ദിച്ചതായി പരാതി
തൃശൂര്‍: നാട്ടിക സെന്ററിന് വടക്കു ഭാഗത്ത് പുത്തന്‍തോട് പരിസരത്ത് ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന യുവാവിനെ പൊലിസുകാരന്‍ അന്യായമായി മര്‍ദിച്ചതായി ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. കമന്റടിച്ചുവെന്ന പെണ്‍കുട്ടിയുടെ തെറ്റായ പരാതിയില്‍ വലപ്പാട് പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ മകന്‍ വടക്കുനാഥനെ (23) സി.പി.ഒ ഷൈന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പിതാവ് ചിറ്റേഴത്ത് ദശരഥനും മാതാവ് ബ്രിജിതയും വാര്‍ത്താ സമ്മേളനത്തില്‍ പരാതിപ്പെട്ടു.
കഴിഞ്ഞ 21ന് രാവിലെ 11 മണിയോടെയാണ് ഓട്ടോയില്‍ ഇരിക്കുകയായിരുന്ന വടക്കുനാഥനെ മറ്റ് മൂന്ന് പേരോടൊപ്പം പൊലിസ് പിടിച്ചുകൊണ്ടുപോയത്.
സ്റ്റേഷനില്‍ നേരിട്ടെത്തിയ ഷൈന്‍ മകനെ മാത്രം മാറ്റിനിര്‍ത്തി ശരീരമാസകലം മര്‍ദിച്ച് അവശനാക്കി. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ എന്നെക്കുറിച്ച് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചതായി പരാതി ലഭിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. അപസ്മാര രോഗിയാണെന്ന് പറഞ്ഞപ്പോള്‍ നിന്റെ നട്ടെല്ല് കൂടി ഒടിച്ചുതരാമെന്ന് പറഞ്ഞ് വീണ്ടും മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ മകനെ ആദ്യം വലപ്പാട് ആശുപത്രിയിലും 22ന് വിദഗ്ധ പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയ ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് പോയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പൊലിസ് ഇതേവരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല.
സ്റ്റേഷനില്‍ പിടിച്ചുവെച്ച ഓട്ടോ വിട്ടുതരാന്‍ പറഞ്ഞപ്പോള്‍ അത് കോടതിയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞത്. കോടതിയില്‍ ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരു കേസ് കിട്ടിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുടുംബവുമായി സ്റ്റേഷന് മുന്നില്‍ കുത്തിയിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഓട്ടോ വിട്ടുകിട്ടിയത്.
അക്രമം നടത്തിയ പൊലിസുകാരനെതിരേ പ്രതിപക്ഷ നേതാവിനും പൊലിസ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും നേതൃത്വം നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഇ.വി ധര്‍മന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."